കൊല്ലം : നന്ദാവനം എസ്റ്റേറ്റ് ഉടമകൾക്കെതിരേ സർക്കാർ ഉദ്യോഗസ്ഥരെയടക്കം പ്രതികളാക്കി പരിസ്ഥിതിസംരക്ഷണ ഏകോപനസമിതി നൽകിയ പരാതി തെറ്റിദ്ധരിപ്പിച്ച കേസായി കണ്ടെത്തി തുടർനടപടികൾ അവസാനിപ്പിച്ച് തിരുവനന്തപുരം അന്വേഷണ കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് എം.ബി.സ്നേഹലത ഉത്തരവിട്ടു. കൊല്ലം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി. കെ.അശോക് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.
വെളിയം വില്ലേജിൽ കിഴക്കേക്കരമുറിയിൽ മാലയിൽ മലപ്പത്തൂർ എന്ന സ്ഥലത്ത് പ്ളാന്റേഷൻ നിയമപ്രകാരം റബ്ബർ പ്ളാന്റേഷന് നൽകിയ സർക്കാർ ഭൂമി കള്ളപ്രമാണമുണ്ടാക്കി നന്ദാവനം എസ്റ്റേറ്റിന്റെ പേരിൽ ആധാരം ചെയ്തു. തുടർന്ന് വ്യാജരേഖകൾ ചമച്ച് ഇൻഡ്രോയൽ പ്രോപ്പർട്ടി കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു.
ഭൂമി വീണ്ടും വിഭജിച്ചുനൽകി 60 ഹെക്ടറോളം സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്നുമായിരുന്നു പരാതിക്കാർ ഉന്നയിച്ച ആരോപണം. എന്നാൽ ഇതിന് ഉപോത്ബലകമായി തെളിവുകൾ ഒന്നും കണ്ടെത്താൻ അന്വേഷണത്തിൽ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാർക്കും തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. 87 റെക്കോഡുകൾ പരിശോധിച്ചും 67 സാക്ഷികളെ വിസ്തരിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഏറെ വാർത്തകളും വിവാദവും സൃഷ്ടിച്ച കേസിൽ വില്ലേജ് ഓഫീസർ, സബ് രജിസ്‌ട്രാർ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ തുടങ്ങി ഏഴോളം സർക്കാർ ഉദ്യോഗസ്ഥരും നന്ദാവനം എസ്റ്റേറ്റിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു പ്രതികൾ.
ഇവരാരും കുറ്റക്കാരല്ലെന്നും ഇവർക്കെതിരേ തുടർ നടപടികൾ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റബ്ബർ കൃഷിക്കായി അനുവദിച്ച ഭൂമിയിൽ ചട്ടങ്ങൾ ലംഘിച്ച് തരംമാറ്റം വരുത്തിയിട്ടുണ്ടെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ആധാരമെഴുത്തുകാർക്കുമെതിരേ നടപടിയുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നുപേരുടെ ഉടമസ്ഥതയിലുള്ള ഭൂമി തരംമാറ്റിയെന്നും ഒരാളുടെ ഭൂമിയിൽ ഖനനം നടത്തിയെന്നുമാണ് കണ്ടെത്തിയത്. ഇവർക്കെതിരേ റവന്യൂ വകുപ്പ് നടപടികളെടുത്തുവരുകയാണെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു.
മുൻ ആധാരത്തിൽ പ്ലാന്റേഷൻ നിയമപ്രകാരം റബ്ബർ കൃഷി ചെയ്തുവന്നിരുന്ന ഭൂമി എന്നത് ഒഴിവാക്കിയാണ് രജിസ്ട്രേഷൻ നടത്തിയത്.
പൂയപ്പള്ളി സബ് രജിസ്ട്രാറായിരുന്ന ഷെർളി, ഷീല, ടി.എസ്.ഒ. ഇൻചാർജ് ആയിരുന്ന ഹെഡ് ക്ലാർക്ക് ദിലീപ് എന്നിവർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷെർളിയും ഷീലയും സർവീസിൽനിന്ന് വിരമിച്ചതിനാൽ ഇവർക്കെതിരേ നടപടിക്ക് ശുപാർശയില്ല. എന്നാൽ ദിലീപിനെതിരേ കോടതിവിധിക്കനുസരണമായി രജിസ്ട്രേഷൻ െഎ.ജി.യോട് നടപടിക്ക് ശുപാർശ ചെയ്യും.
ആധാരമെഴുത്തുകാരായ രാമചന്ദ്രൻ നായർ, ഓമന, മുരളീധരൻ പിള്ള, സക്കീർ ഹുസൈൻ, ശ്രീകണ്ഠൻ എന്നിവരും ചട്ടങ്ങൾ പാലിച്ചില്ലെന്നും ഇവരോട് വിശദീകരണം തേടുകയും തൃപ്തികരമല്ലെങ്കിൽ കേരള ലൈസൻസ് ചട്ടം 29(3) പ്രകാരം നടപടിയെടുക്കുകയും ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്.