അഞ്ചാലുംമൂട് : പനയം പഞ്ചായത്തിലെ സംഘർഷാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരേ ജലപീരങ്കി പ്രയോഗിച്ചു. ബൈപ്പാസിൽനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷനുസമീപം ബാരിക്കേഡ്‌െവച്ച് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മന്ദിരം ശ്രീനാഥ്, അംബു, ജമുൻജഹാംഗീർ, സുരേഷ്, ഷൈൻ, സന്തോഷ്, സുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയെ മർദിച്ചതുൾപ്പെടെ നിരവധി ആക്രമണങ്ങൾ നടന്നെങ്കിലും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു സമരം.