കൊല്ലം :എം.പി. ഫണ്ട് ഉപയോഗിച്ച് ജില്ലാ ആശുപത്രിയിലേക്ക് വാങ്ങിയ ഹൈടെക് ആംബുലൻസ് മാസങ്ങളായിട്ടും ഓടിച്ചുതുടങ്ങിയില്ല. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ ഫണ്ടിൽനിന്ന് അനുവദിച്ച 16.35 ലക്ഷം ഉപയോഗിച്ചു വാങ്ങിയ ആംബുലൻസാണ് മാസങ്ങളായി കയറ്റിയിട്ടിരിക്കുന്നത്.
ഐ.സി.യു. സൗകര്യങ്ങളുള്ള ആംബുലൻസ് വാങ്ങാൻ നടപടി തുടങ്ങിയത് നാലുവർഷംമുമ്പാണ്. 2017-ൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ ഫണ്ടിൽനിന്ന് 16.35 ലക്ഷം രൂപ ആംബുലൻസിനും 3.40 ലക്ഷം രൂപ അനുബന്ധ ഉപകരണങ്ങൾക്കുമായി നൽകി. മറ്റു ചില ഉപകരണങ്ങൾക്കായി 7750 രൂപയും അനുവദിച്ചു. പക്ഷേ, പല സാങ്കേതികക്കുരുക്കുകളിലുംപെട്ട് ഫയൽ ഇഴഞ്ഞുനീങ്ങി. മുൻകൂറായി പണം നൽകിയശേഷം അത് ഉപയോഗിക്കാതിരിക്കുന്നത് ചട്ടപ്രകാരം കുറ്റകരമാണ്. ഫയൽ പല മേശകളിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 20-ന് ആബുലൻസ് വാങ്ങി. ജില്ലാ ആശുപത്രി സൂപ്രണ്ട് ആംബുലൻസ് ഏറ്റെടുക്കുകയും ചെയ്തു.
പക്ഷേ, ഐ.സി.യു. ഉപകരണങ്ങൾ ഇതുവരെയും ഘടിപ്പിച്ചില്ല. അതുകൊണ്ട് ആശുപത്രിവളപ്പിൽ കയറ്റിയിട്ടിരിക്കുകയാണ്. ഇവ ഘടിപ്പിക്കുന്നതിന് 4.22 ലക്ഷം രൂപ ആവശ്യപ്പെട്ട് സൂപ്രണ്ട് ഡി.എം.ഒ.യ്ക്ക് കത്തു നൽകിയിരിക്കുകയാണ്.
നാലുവർഷംമുമ്പ് അനുവദിച്ച പണമുപയോഗിച്ച് അന്നേ ആംബുലൻസ് വാങ്ങിയിരുന്നെങ്കിൽ കോവിഡ്കാലത്തടക്കം ഒട്ടേറെ രോഗികൾക്ക് പ്രയോജനപ്പെടുമായിരുന്നു. അനാസ്ഥമൂലം നികുതിപ്പണം പ്രയോജനപ്പെടാത്ത സാഹചര്യമാണ്. ഓടിക്കാതെയിട്ടിരുന്നാൽ ആംബുലൻസ് കേടാകുമെന്ന ആശങ്കയുണ്ട്.നാലുലക്ഷം രൂപകൂടി വേണം
ഉപകരണങ്ങൾ ആംബുലൻസിൽ ഘടിപ്പിക്കുന്നതിന് ഇനി നാലുലക്ഷം രൂപകൂടി വേണം. അംഗീകൃത ഏജൻസിയെക്കൊണ്ടുമാത്രമേ ഇത് ചെയ്യിക്കാൻ കഴിയൂ. ഇതിനുള്ള നടപടികൾ നീങ്ങുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറെ അറിയിക്കും.ഡോ. ആർ.ശ്രീലത
ഡി.എം.ഒ.,
കൊല്ലം