ഓച്ചിറ : ക്ലാപ്പന പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരണം വർഷങ്ങളായിട്ടും പാതിവഴിയിൽ. ഓഫീസ് പരിസരം വൃത്തിഹീനമാണ്. പ്രവേശനകവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുപോലും ദ്രവിച്ച് പൊടിഞ്ഞു. മതിൽ വെള്ളപൂശിയിട്ട് നാളേറെയായി. അകത്തേക്ക് പ്രവേശിച്ചാൽ ആദ്യം കാണുന്ന കിണറിന്റെ പരിസരം മാലിന്യം നിറഞ്ഞതാണ്. കിണറിന്റെ എതിർ ഭാഗത്ത് മതിലിനോടുചേർന്ന് പൊട്ടിയ ഇഷ്ടികയും സിമന്റുകഷണങ്ങളും മറ്റു മാലിന്യങ്ങളും തൂത്തുകൂട്ടിയിട്ടിരിക്കുന്നു. ഫ്രണ്ട് ഓഫീസിന്റെ മുൻഭാഗവും വ്യത്യസ്തമല്ല.
മുകളിലത്തെ നിലയിലേക്ക് കയറാൻ ശ്രദ്ധയോടുവേണം ഓരോ ചുവടും വെക്കാൻ. പണി പൂർത്തിയാകാത്ത സ്റ്റെയറിന്റെ വശങ്ങളിലേക്ക് കാൽവഴുതിയാൽ അപകടം ഉറപ്പ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേരുന്ന കോൺഫറൻസ് ഹാളിൽ ചൂടുകൊണ്ട് ഇരിക്കാൻപോലുമാകില്ല. ഷീറ്റുപാകിയ ഒരുഷെഡിനെയാണ് കോൺഫറൻസ് ഹാൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അതിന്റെ പിന്നിലും വശങ്ങളിലും ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു. എല്ലാംകൊണ്ടും വൃത്തിഹീനമായ അന്തരീക്ഷം.
എന്നാൽ പ്രധാന ഓഫീസ്, രണ്ടാം നിലയിലെ കുടുംബശ്രീ, എൻജിനീയറിങ്, എൻ.ആർ.ഇ.ജി.എസ്. ഓഫീസുകൾ എന്നിവ നല്ല വൃത്തിയിലും വെടുപ്പിലുമാണ് പ്രവർത്തിക്കുന്നത്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പഞ്ചായത്ത് ഓഫീസിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് പുതിയ ഭരണസമിതി ഭാരവാഹികൾ പറയുന്നത്. അതേസമയം പുതിയ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഒരു മാസംകൊണ്ട് നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
കരാറുകാരന് പണം നൽകിയിട്ടില്ല
:മുൻ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ അവരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുംമൂലം ഇനിയും പൂർത്തിയാക്കാനായിട്ടില്ല. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. കരാറുകാരന് 38 ലക്ഷം രൂപയോളം കൊടുക്കാനുണ്ട്.
ഒ.മിനിമോൾ,
പഞ്ചായത്ത് പ്രസിഡന്റ്