പുനലൂർ :വാർഡിൽ ജലവിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലറുടെ ഒറ്റയാൾ സമരം. ജല അതോറിറ്റി ഓഫീസിൽ ഒരുമണിക്കൂർ കുത്തിയിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ട് വാർഡിൽ ജലവിതരണം പുനഃസ്ഥാപിച്ചു. ഭരണിക്കാവ് വാർഡ് കൗൺസിലർ ആർ.രഞ്ജിത്താണ് സമരം ചെയ്തത്. പുനലൂർ കെ.എസ്.ആർ.ടി.സി.ജങ്ഷനിലുള്ള ജല അതോറിറ്റി ഓഫീസിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സമരം.
നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ ഭരണിക്കാവിലും തൊട്ടുചേർന്നുള്ള നേതാജിയിലും മൂന്നുദിവസമായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്. ജല അതോറിറ്റി ഉദ്യോഗസ്ഥരെ തുടർച്ചയായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് രഞ്ജിത്ത് കുത്തിയിരിപ്പുസമരം നടത്തിയത്.
രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ച സമരം ഒരുമണിക്കൂർ നീണ്ടു. ഇതിനിടെ അധികൃതർ വാർഡിൽ വെള്ളമെത്തിച്ചു.
തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വേനൽ ആരംഭിച്ചതോടെ നഗരസഭയിലെ ഉയർന്നപ്രദേശങ്ങളിലൊന്നും വെള്ളമെത്തുന്നില്ലെന്ന് പരാതി ഉയർന്നുതുടങ്ങിയിട്ടുണ്ട്.