അഞ്ചാലുംമൂട് : കുടിവെള്ളം കിട്ടിയിട്ട് 12 ദിവസങ്ങൾ കഴിഞ്ഞു, സഹികെട്ട് നാട്ടുകാർ ബക്കറ്റും കുടങ്ങളുമായി കൊല്ലം-തേനി ദേശീയപാത ഉപരോധിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ അഞ്ചാലുംമൂട് ജങ്‌ഷനിലാണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്.
പന്ത്രണ്ടുദിവസം മുൻപ് വെട്ടുവിളയിലുള്ള കുഴൽക്കിണറിലെ മോട്ടോർ കേടായി. ജലഅതോറിറ്റി കരാറുകാരെത്തി മോട്ടോർ ഇളക്കിക്കൊണ്ടുപോയി. എന്നാൽ കരാറുകാർക്ക് കുടിശ്ശിക തുക നൽകാത്തതിൽ പ്രതിഷേധിച്ച് സമരം തുടങ്ങിയതോടെ മോട്ടോർ പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല.
ജലഅതോറിറ്റി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാലും ഒരുഫലവും ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഉപരോധസമരം മുൻ കൗൺസിലർ എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സ്വർണമ അധ്യക്ഷത വഹിച്ചു. അനിൽവെട്ടുവിള, റഫീക്ക്, വിനോദ്, ശ്രീജിത്ത്, രാജേഷ്, രാജീവ്, ഷംനാർ, ഹാഷിം, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.