പത്തനാപുരം : പട്ടാഴി ദേവീക്ഷേത്രത്തിൽ കുംഭത്തിരുവാതിര ഉത്സവം ലളിതമായ ചടങ്ങുകളോടെ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഉത്സവം ആഘോഷിച്ചത്. ഇരുകരകളിൽനിന്നുമുള്ള കെട്ടുകാഴ്ചകളും ഘോഷയാത്രകളും ഇക്കുറി ഒഴിവാക്കിയിരുന്നു. ദേവീസന്നിധിയിൽ ആചാരപരമായ കെട്ടുകാഴ്ചമാത്രമാണ് നടന്നത്. തങ്കയങ്കി എഴുന്നള്ളിപ്പിനും സേവയ്ക്കുംശേഷം പൂപ്പടക്കൊട്ടിലിൽ അനുഷ്ഠാനമായ പേച്ച് നടന്നു.
ഭദ്രകാളി-ദാരിക സംവാദത്തെ അനുസ്മരിപ്പിക്കുന്ന പേച്ചിനുശേഷം കരപ്രതിനിധികൾ വടക്കേനടയ്ക്കുസമീപം ഒത്തുകൂടി കരപറഞ്ഞു. തുടർന്ന് ഭദ്രകാളിമുടി എഴുന്നള്ളിപ്പ് തുടങ്ങി.
കിഴക്കേ ഗോപുരനടയ്ക്കുസമീപം ഭൂതത്താൻനടയെ വലംവെച്ച് മൂലക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ തളക്കല്ല് ചുറ്റി എഴുന്നള്ളിപ്പ് പടിഞ്ഞാറോട്ടിറങ്ങി. വരിക്കപ്ലാമൂട് തറയിലെത്തി ആചാരപരമായ പിടിപ്പണം വാങ്ങി കരവിളിക്കൊപ്പം കിഴക്കോട്ട് മടക്കം. ദേശഭരണാധികാരിയായിരുന്ന കാമ്പിത്താന്റെ നടയിലെത്തി തിരുമുടി തിരിച്ചിറക്കി ദേവസ്വം അധികാരി മുടിമുന്നിൽ നെൽപ്പറ സമർപ്പിച്ചു. തിരികെ ക്ഷേത്രത്തിലെത്തി മൂലക്ഷേത്രത്തെ വലംവെച്ച് പൂപ്പടക്കൊട്ടിലിൽ ഭദ്രകാളിമുടി പടിഞ്ഞാറോട്ട് ദർശനമായി വെച്ചതോടെ ചടങ്ങുകൾ സമാപിച്ചു. ഭക്തജനത്തിരക്ക് കുറച്ച് ദർശനത്തിന് ദേവസ്വം ബോർഡും ക്ഷേത്രോപദേശകസമിതിയും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.