കൊല്ലം : കെട്ടിടനിർമാണത്തിനായുള്ള പൈലിങ്ങിനിടെ സമീപത്തെ വീടുകൾക്കും മതിലുകൾക്കും വിള്ളൽ. അധികൃതരെത്തി നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ മെമ്മോ നൽകി.

രാമൻകുളങ്ങര ജങ്ഷനു സമീപത്തെ വസ്തുവിലെ നിർമാണപ്രവർത്തനങ്ങളാണ് സമീപവാസികളുടെ പരാതിയിൻമേൽ നിർത്തിവെപ്പിച്ചത്. ഒരുമാസത്തിലേറെയായി പൈലിങ് നടക്കുന്നുണ്ട്. ഇതിനു സമീപത്തുള്ള ഷാജഹാൻ മൻസിലിൽ നൗഷാദ്, ഷാജഹാൻ മൻസിലിൽ ഫൈസൽ എന്നിവരുടെ വീടുകൾക്കും മതിലിനും കുളിമുറിഭിത്തിക്കും അടുത്തുതന്നെയുള്ള ചപ്പാത്തിനിർമാണ യൂണിറ്റ് കെട്ടിടത്തിനുമാണ് വിള്ളലുണ്ടായത്.

വ്യാഴാഴ്ച രാവിലെ മതിലിനും ഭിത്തിക്കുമുണ്ടായ വിള്ളൽ ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ കോർപ്പറേഷൻ അധികൃതരെയും ഡിവിഷൻ കൗൺസിലറെയും അറിയിച്ചു. തുടർന്ന് കൗൺസിലർ എസ്.ശ്രീലതയും കോർപ്പറേഷനിൽനിന്ന് ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.