:കല്ലുപാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പൊതുമരാമത്തുമന്ത്രി പി.എ.മുഹമ്മദ്‌ റിയാസിന്‌ കത്ത് നൽകി. കൊല്ലത്തെ പ്രധാന വ്യപാരകേന്ദ്രത്തിലേക്കുള്ള പ്രവേശനകവാടമായ കല്ലുപാലം പൊളിച്ചിട്ട് രണ്ടുവർഷത്തിലേറെയായി. പാലംപണി നിരാശാജനകമായ വിധം മന്ദഗതിയിലാണ്. പാലംപണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിരന്തരം ആവശ്യമുയരുകയാണ്‌. പണി നീണ്ടുപോകുന്നതിന്‍റെ കാരണം വെളിപ്പെടുത്താൻ അധികാരികൾ തയ്യാറാകാത്തത്‌ നിർമാണപ്രവർത്തനത്തിന്‍റെ സുതാര്യതയെ ബാധിക്കുന്നതായും എം.പി. ചൂണ്ടിക്കാട്ടി.

പെരുമൺ, മൺറോത്തുരുത്ത്, മുക്കാട്, ശക്തികുളങ്ങര, അഴീക്കൽ എന്നീ പ്രദേശങ്ങൾ സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തിയ മന്ത്രി കല്ലുപാലത്തിന്‍റെ നിർമാണപുരോഗതി നേരിൽ സന്ദർശിച്ച് വിലയിരുത്താത്തത് പ്രതിഷേധാർഹമാണെന്ന് എം.പി. കത്തിൽ ചൂണ്ടിക്കാട്ടി.