കൊല്ലം : നഗരപരിധിയിലെ വീടുകുത്തിത്തുറന്ന് 16 പവനോളം സ്വർണാഭരണങ്ങളും 75,000 രൂപയും മോഷ്ടിച്ചു. കന്റോൺമെന്റ് ഉപാസന നഗർ, ശ്രീശൈലത്തിൽ ഡോ. ടി.എൻ.യതീന്ദ്രന്റെ വീട്ടിൽനിന്നാണ് സ്വർണവും പണവും കവർന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറിനും ബുധനാഴ്ച പുലർച്ചെ ആറിനും ഇടയിലാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്.

യതീന്ദ്രനും ഭാര്യ അനസൂയയും മാത്രമാണ് വീട്ടിൽ താമസം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് യതീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് അനസൂയ ആശുപത്രിയിൽ യതീന്ദ്രന്റെ അടുത്തേക്ക് ഭക്ഷണവുമായി പോയി. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് തിരികെ എത്തിയത്. വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നനിലയിലായിരുന്നു. അയൽവാസികളെയുംകൂട്ടി വീട്ടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും മോഷണംപോയതായി കണ്ടെത്തിയത്. തുടർന്ന് ഈസ്റ്റ് പോലീസിൽ വിവരമറിയിച്ചു.

പോലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും ഉൾപ്പെടെയെത്തി പരിശോധന നടത്തി. വാതിൽ തുറക്കാനായി ഉപയോഗിച്ച ആയുധം വീടിനു സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഡോഗ് സ്ക്വാഡ് മണംപിടിച്ച് വീട്ടിനുപിന്നിലെ റെയിൽവേ ട്രാക്കിലേക്കും പിന്നീട് പ്ലാറ്റ്ഫോമിലേക്കും പോയി. സമീപത്തുള്ള സി.സി.ടിവി. ദൃശ്യങ്ങൾ പോലീസ് പരിശോധനയ്ക്കു വിധേയമാക്കി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടൻ പിടിയിലാകുമെന്നും ഈസ്റ്റ് സി.ഐ. ആർ.രതീഷ് പറഞ്ഞു.