അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ കാടുമൂടിയ ഇടയാടി കുളം ഇനി എത്രനാൾ എന്ന ചോദ്യവുമായി നാട്ടുകാർ.

തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽനിന്ന് വിളിപ്പാടകലെ രണ്ടാംവാർഡായ വടക്കേക്കരയിലാണ് കുളം. മുളയ്ക്കൽ ഏലായിലും കീഴ്പാട്ടുവയലിലും നെൽക്കൃഷി സമൃദ്ധമായിരുന്ന കാലത്ത്‌ പൂർവികർ കുഴിച്ചതാണ് കുളം. ഇന്ന് ഏലായും ചുരുങ്ങി വയലും ഇല്ലാതായി. കാലപ്പഴക്കത്താൽ കുളം ഇടിഞ്ഞുനശിച്ചപ്പോൾ അന്നത്തെ പഞ്ചായത്ത് ഭരണസമിതി കുളത്തിനുചുറ്റും കരിങ്കൽഭിത്തി നിർമിച്ചു. എന്നാൽ ഇറങ്ങുന്നതിനുള്ള പടവുകൾ നിർമിച്ചില്ല.

മുളയ്ക്കൽ ഏലായിൽനിന്ന് അഷ്ടമുടിക്കായലിലേക്ക്‌ ഒഴുകുന്ന തോടുമായി കുളത്തിന്‌ ബന്ധമില്ലാത്തതിനാൽ അധികജലം ഒഴുകിപ്പോകാൻ സൗകര്യമില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വാർഡ് അംഗമായിരുന്ന പെരിനാട് തുളസിയുടെ നേതൃത്വത്തിൽ കുളം ശുചീകരിച്ചിരുന്നു. ഇന്ന് കുളത്തിന്റെ സ്ഥിതി ദയനീയമാണ്. നിറയെ കുളവാഴയും വൃക്ഷങ്ങളും വളർന്ന്‌ കൊതുകുവളർത്തൽ കേന്ദ്രമായി മാറി. സമീപത്ത് ഒട്ടേറെ വീടുകളുണ്ട്. കൊതുകുശല്യം കാരണം വീടിന്റെ കതകുകളും ജന്നലുകളും തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. സമീപവാസികൾ കൊതുകുജന്യരോഗ ഭീഷണിയിലുമാണ്.

അടിയന്തരമായി കുളം ശുചിയാക്കിയില്ലെങ്കിൽ പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യതയുമുണ്ട്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി തോടുകളും കുളങ്ങളും ശുചീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും ലോക്ഡൗൺ കാരണം നടന്നില്ല. കുളം ശുചീകരിക്കുകയും കുളത്തിലേക്കിറങ്ങാൻ പടവുകൾ നിർമിക്കുകയും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ജലസ്രോതസ്സ് കാടുമൂടി നശിക്കുന്നു