പത്തനാപുരം :പട്ടാഴിയുടെ സാംസ്കാരികോന്നമനത്തിന് ഉതകുന്നതരത്തിൽ ആധുനികസൗകര്യങ്ങളോടെ സാംസ്കാരികനിലയം വേണം.

അമ്പലം ജങ്ഷനിൽ പഞ്ചായത്തുവക സ്ഥലത്ത് കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായിക്കിടക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം പൊളിച്ചുമാറ്റി അവിടെ സാംസ്കാരികനിലയം നിർമിക്കണമെന്നാണ് ആവശ്യം.

സാംസ്കാരിക പരിപാടികൾ നടത്തുന്നതിന് ഒരിടം വേണമെന്ന ആവശ്യത്തെത്തുടർന്നാണ് പതിറ്റാണ്ടുകൾക്കുമുൻപ് ഇവിടെ പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയം പണിതത്.

പട്ടാഴി ദേവീക്ഷേത്രത്തിനുമുൻപിൽ പഞ്ചായത്തിന്റെ വായനശാലയും കടമുറികളും ഉൾപ്പെടുന്ന കെട്ടിടത്തോടുചേർന്നുള്ള സ്ഥലം ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം. കെട്ടിടത്തിനും ഓപ്പൺ എയർ ഓഡിറ്റോറിയത്തിനും ഇടയിലുള്ള സ്ഥലം ഇതിന് അനുയോജ്യവുമായിരുന്നു.

എന്നാൽ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാൻ വഴിസൗകര്യമില്ലാത്തത് പ്രശ്നമായി. ആളുകൾ ഓഡിറ്റോറിയത്തെ കൈയൊഴിഞ്ഞതോടെ ഒരു സാംസ്കാരിക പരിപാടിക്കും വേദിയാകാതെ പദ്ധതി അകാലചരമമടഞ്ഞു.

ആരും ശ്രദ്ധിക്കാതായതോടെ ഓഡിറ്റോറിയം കാടുവളർന്നും ചോർന്നൊലിച്ചും നശിച്ചു.

തെരുവുനായ്ക്കളും യാചകരും ഓഡിറ്റോറിയം താവളമാക്കി. പരിസരമാകെ കാടുമൂടി ഇഴജന്തുക്കളുടെ കേന്ദ്രമായി.

വായനശാലക്കെട്ടിടത്തിന്റെ പടവുകളുള്ള ഭാഗത്തുകൂടി ഇവിടേക്ക് വഴിയുണ്ടാക്കി സാംസ്കാരികനിലയം നിർമിക്കണമെന്ന ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്.

പരിപാടികൾ നടത്തുന്നതിന്‌ വേദിയും വിപുലമായ വായനശാലയും വായനമുറിയും ഇവിടെ ക്രമീകരിക്കാനാകും. ശീതീകരണസംവിധാനവും ഒരുക്കിയാൽ ആവശ്യക്കാർ തേടിയെത്തും.

രണ്ടുനിലകളിലായി കെട്ടിടസമുച്ചയം പൂർത്തിയാക്കി ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കേണ്ടതുണ്ട്.

തൊട്ടടുത്തായി ക്ഷേത്രമുള്ളതിനാൽ വിവാഹം, നിശ്ചയം തുടങ്ങിയ ചടങ്ങുകൾക്കും സാംസ്കാരികനിലയം ഉപയോഗപ്പെടുത്താം. അതുവഴി പഞ്ചായത്തിന് വരുമാനമുണ്ടാക്കാനും കഴിയും.