പുനലൂർ :മലയോര ഹൈവേയിൽ മണ്ണിടിച്ചിലുണ്ടായ കരവാളൂർ പിറയ്ക്കലിൽ പുനർനിർമ്മാത്തിന് ഭരണാനുമതി വൈകുന്നു. പുനർനിർമാണം നടത്താൻ 77 ലക്ഷത്തിന്റെ അടങ്കൽ തയ്യാറാക്കി സമർപ്പിച്ചിട്ട് ഒന്നരമാസത്തിലധികമായി.

ടാർ വീപ്പ നിരത്തിവെച്ച് ഗതാഗതം നിയന്ത്രിക്കുന്ന ഇവിടെ അപകടസാധ്യത വർധിക്കുകയാണ്. മഴ തുടർന്നാൽ വശം കൂടുതൽ ഇടിയുമോയെന്ന ആശങ്കയുമുണ്ട്. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ മേയ് 26-നാണ് പിറയ്ക്കലിൽ മണ്ണിടിച്ചിലുണ്ടായത്. ഇരുപത്‌ മീറ്റർ നീളത്തിലും ഒന്നേകാൽ മീറ്റർ വീതിയിലും റോഡിന്റെ വശമിടിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മൂന്നാംതവണയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടാകുന്നത്. നിർമാണഘട്ടത്തിൽത്തന്നെ ഇതേസ്ഥലത്ത് രണ്ടുതവണ മണ്ണിടിഞ്ഞിരുന്നു. പാർശ്വഭിത്തിനിർമാണത്തിലുണ്ടായ പിഴവാണ് മണ്ണിടിച്ചിലിനു കാരണമെന്ന് സ്ഥലവാസികൾ പറയുന്നു.

മണ്ണിടിച്ചിലുണ്ടായി ദിവസങ്ങൾക്കുള്ളിൽത്തന്നെ പുനർനിർമാണത്തിനായി മരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ അടങ്കൽ തയ്യാറാക്കി സമർപ്പിച്ചിരുന്നു. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് 50 മീറ്ററോളം നീളത്തിൽ പാർശ്വഭിത്തി നിർമിക്കാനാണ് അടങ്കൽ തയ്യാറാക്കിയത്.

പ്രളയദുരിതാശ്വാസ നിധിയിൽനിന്ന് പണം ലഭ്യമാക്കാനാണ് ശ്രമം. എന്നാൽ ഇതേവരെ അനുമതി ലഭിച്ചിട്ടില്ല. തിരക്കേറിയ മലയോര ഹൈവേയിൽ ഇവിടെ നിലവിൽ യാത്ര സാഹസികമാണ്.

രാത്രിയിൽ സ്ഥലപരിചയമില്ലാത്തവർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്‌.