കൊല്ലം : ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. സുരക്ഷാഭിത്തിയിലിടിച്ച് നിയന്ത്രണംവിട്ട കാർ എതിർദിശയിൽ വന്ന കാറിലിടിച്ചു. തുടർന്ന് ഇടിയേറ്റ കാർ മറ്റൊരു കാറുമായും കുട്ടിമുട്ടി. അപകടത്തിൽ രണ്ടുകുട്ടികളടക്കം ആറുപേർക്കാണ് പരിക്കേറ്റത്.

കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിനുസമീപം ബുധനാഴ്ച ആറരയോടെയാണ് സംഭവം. പാലം തുടങ്ങുന്ന ഭാഗത്തെ സുരക്ഷാഭിത്തിയിൽ ഇടിച്ച കാറിന്റെ എൻജിൻ ഇടിയുടെ ആഘാതത്തിൽ മീറ്ററുകൾക്കപ്പുറത്തേക്ക് തെറിച്ചുപോയി. റോഡിൽ ഓയിൽ പരന്നതിനാൽ ഏറെനേരം ഗതാഗതം മുടങ്ങി. കടപ്പാക്കട അഗ്നിരക്ഷാസേനാ യൂണിറ്റ് സ്ഥലത്തെത്തി റോഡ് കഴുകിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വേഗത്തിൽ വന്ന കാർ മതിലിലിടിച്ചു കറങ്ങി ഏതിർദിശയിൽ വന്ന കാറിലിടിച്ചു. ഈ കാർ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറുമായും കൂട്ടിയിടിച്ചു. ബ്രേക്ക് ചെയ്യുന്നതിന്റെയും ഇടിയുടെയും വലിയശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.

മതിലിൽ ഇടിച്ച കാറിലെ രണ്ടുപേർക്കും തിരുവനന്തപുരം ഭാഗത്തുനിന്ന്‌ വന്ന കാറിലെ കുട്ടിക്കും സാരമായി പരിക്കേറ്റെന്നാണ് വിവരം. രാത്രിയോടെ അപകടം പറ്റിയ വാഹനങ്ങൾ പോലീസ് റിക്കവറി വാഹനമുപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. കിളികൊല്ലൂർ പോലീസ് കേസെടുത്തു.