ചാത്തന്നൂർ :ആൾത്താമസമില്ലാത്ത വീട്ടിൽക്കയറി ഓട്ടുമണിയും തൂക്കുവിളക്കും മോഷ്ടിച്ചയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ്ചെയ്തു. വർക്കല പാളയംകുന്ന് വേങ്കോട് മലവിള പുത്തൻവീട്ടിൽ പ്രിൻസ് (28) ആണ് പിടിയിലായത്.

രണ്ടുദിവസംമുൻപ് പാരിപ്പള്ളി പാമ്പുറം കാർത്തിയിൽ നിന്നായിരുന്നു ഓട്ടുമണിയും തൂക്കുവിളക്കും മോഷണം പോയത്. കുറച്ചുനാളായി ആൾത്താമസമില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നു വീട്. ഇത് മനസ്സിലാക്കിയ പ്രിൻസ് വീട്ടിൽക്കയറി മോഷ്ടിക്കുകയായിരുന്നു.

മോഷണവിവരമറിഞ്ഞ് പാരിപ്പള്ളി പോലീസ് കേസെടുത്ത് സമീപ സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തുടർന്ന് അയിരൂർ പോലീസ്‌ സ്റ്റേഷൻ പരിധിയിലുളള ആക്രിക്കടയിൽ ഇയാൾ മോഷണമുതൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

മോഷണമുതലും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.