കൊല്ലം : സൗജന്യ ഭക്ഷ്യക്കിറ്റ് കൊടുക്കുന്നതല്ല ദാരിദ്ര്യനിർമാർജനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആർ.എസ്.പി.നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.കെ.ദിവാകരന്റെ നാൽപ്പത്തിയഞ്ചാം ചരമവാർഷികത്തിന് കൊല്ലത്ത് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് തൊഴിലും വരുമാനവർധനയുമുണ്ടാകുന്നതാണ് യഥാർഥ ദാരിദ്ര്യനിർമാർജനം. തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയത് മൻമോഹൻ സിങ് സർക്കാരാണ്. കശുവണ്ടിത്തൊഴിലാളികൾക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. സർക്കാർ ഇടപെടൽ ഉണ്ടെങ്കിൽ പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറക്കാനാകും. അനുഭവങ്ങളിൽനിന്നാണ് ജനം ടി.കെ.ദിവാകരനെ സ്മരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വിജയകരമായി നടപ്പിലാക്കാൻ ടി.കെ.യ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.ജന്മശതാബ്ദി ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
എ.എ.അസീസ് അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., എസ്.ത്യാഗരാജൻ, ഷിബു ബേബിജോൺ, ബിന്ദുകൃഷ്ണ, കെ.എസ്.വേണുഗോപാൽ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.