ചാത്തന്നൂർ : സ്നേഹാശ്രമം കുടുംബാംഗവും ജീവനക്കാരിയുമായ എസ്.സിന്ധുവിന്റെ വിവാഹത്തിനു വേദിയായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം. വേളമാനൂർ മുള്ളിപ്പച്ചയിൽ പൂർണിമ ഭവനിൽ പരേതരായ സുബ്ബയ്യൻ ആചാരിയുടെയും പി.സരസമ്മയുടെയും മകൾ എസ്.സിന്ധുവാണ് സ്നേഹാശ്രമത്തിൽ ഒരുക്കിയ മംഗല്യവേദിയിൽ താലിയണിഞ്ഞത്. ഇളമാട് എ.കെ.ജി. ജങ്‌ഷൻ മുല്ലത്തറ വീട്ടിൽ ജി.ഗോപിനാഥൻ ആചാരിയുടെയും ടി.കനകമ്മയുടെയും മകൻ ജി.സുമേഷായിരുന്നു വരൻ. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, മാനേജിങ്‌ ട്രസ്റ്റി പ്രസന്ന രാജൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ സരിത പ്രതാപ്, കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

സ്നേഹാശ്രമം സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിങ്‌ ചെയർമാൻ പി.എം.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ 1991 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികളാണ് വിവാഹസദ്യയൊരുക്കിയത്.