കൊല്ലം : ജില്ലയിലെ ഉദ്യോഗാർഥികളോടുള്ള പബ്ളിക്‌ സർവീസ്‌ കമ്മിഷന്റെ അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. ഓൺലൈൻ പരീക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും അഭിമുഖങ്ങൾ ജില്ലയിൽ നടത്താത്തതിലുമാണ്‌ എതിർപ്പുയരുന്നത്‌.

നവംബർ 10, 11, 12 തീയതികളിൽ എൽ.പി.സ്കൂൾ ടീച്ചർ നിയമനത്തിനുള്ള അഭിമുഖം പി.എസ്‌.സി.നടത്തുന്നുണ്ട്‌. കൊല്ലം ജില്ലയിലെ ഉദ്യോഗാർഥികൾക്ക്‌ തിരുവനന്തപുരത്ത്‌ പി.എസ്‌.സി.ഓഫീസിലാണ്‌ അഭിമുഖം. രാവിലെ ഏഴിന്‌ പി.എസ്‌.സി.ഓഫീസിലെത്തി സർട്ടിഫിക്കറ്റ്‌ പരിശോധന പൂർത്തിയാക്കി ഒൻപതിന്‌ അഭിമുഖത്തിനു ഹാജരാകാനാണ്‌ നിർദേശമെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു.

ഏഴിന്‌ തിരുവനന്തപുരത്ത്‌ എത്തണമെങ്കിൽ ജില്ലയുടെ ഉൾപ്രദേശങ്ങളിലുള്ളവർ ഏറെ ബുദ്ധിമുട്ടും. അല്ലാത്തപക്ഷം തലേന്നുതന്നെ തിരുവനന്തപുരത്തെത്തി താമസിക്കേണ്ടിവരും. മറ്റുജില്ലകളിലെ അഭിമുഖം അതത്‌ ജില്ലകളിൽത്തന്നെ നടത്തുമ്പോൾ കൊല്ലത്തേതുമാത്രം തിരുവനന്തപുരത്ത്‌ നടത്തുന്നതിലാണ്‌ ഉദ്യോഗാർഥികൾക്ക്‌ പ്രതിഷേധം.

ഓൺലൈൻ പരീക്ഷകൾ നടത്താനുള്ള സൗകര്യം മറ്റുജില്ലകളിൽ പി.എസ്‌.സി.ഏർപ്പെടുത്തുമ്പോഴും കൊല്ലത്ത്‌ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഓൺലൈൻ പരീക്ഷകൾക്ക്‌ എൻജിനീയറിങ്‌ കോളേജുകളിലുംമറ്റും ഉദ്യോഗാർഥികളെ അയയ്ക്കുന്നതിലും പ്രതിഷേധമുണ്ട്‌.