ശാസ്താംകോട്ട : വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടർന്ന് ശാസ്താംകോട്ട പഞ്ചായത്തിലെ പെരുവേലിക്കരയിലെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവർക്കായി കോയിക്കൽഭാഗം സർക്കാർ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 36 പേരാണ് ക്യാമ്പിലുള്ളത്. കല്ലടയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്നാണ് പ്രദേശവാസികളെ ഒഴിപ്പിച്ചത്.

പെരുവേലിക്കര ബണ്ടുറോഡിന് ഇരുവശത്തുള്ള കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. കല്ലടയാറ്റിൽ നിന്നുള്ള വെള്ളം അകത്തേക്ക് കയറിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. ആറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് വലിയ ആശങ്കയാണുയർത്തുന്നത്. വെള്ളം കെട്ടിനിന്ന് പെരുവേലിക്കരയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്‌. വെള്ളം പൊങ്ങിയതിനെത്തുടർന്ന് മൺറോത്തുരുത്ത് കിടപ്രം വടക്ക് വാർഡിലുള്ള നൂറുപേരെ പടിഞ്ഞാറെ കല്ലട കോതപുരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.