കൊല്ലം : പൊതുവിതരണ വകുപ്പിന്റെ കൊല്ലത്തെ ഗോഡൗണിലെ കയറ്റിറക്ക് സമരംമൂലം റേഷൻ കടകളിൽ അരിക്ക് ക്ഷാമം. ചിന്നക്കടയിലെ എഫ്.സി.ഐ. ഗോഡൗണിൽനിന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗോഡൗണിലേക്ക് അരി എത്തിക്കാൻ കഴിയാത്തതാണ് കാരണം. ജനുവരിയിൽ വിതരണം ചെയ്യാനുള്ള അരി റേഷൻ കടകളിൽ എത്തിച്ചിട്ടില്ല.
ഒരു ക്വിന്റൽ അരിയുടെ കയറ്റിറക്കുകൂലി 18-ൽനിന്ന് 20 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. സമരം ഒത്തുതീർപ്പാക്കാൻ തിങ്കളാഴ്ച എ.ഡി.എം. ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഈ മാസം പഴയ നിരക്കിൽ കയറ്റിറക്ക് ജോലികൾ ചെയ്യാമെന്ന ധാരണയിലെത്തിയതായി അധികൃതർ അറിയിച്ചു. മുൻഗണന, എ.എ.വൈ. വിഭാഗത്തിന് (മഞ്ഞ, പിങ്ക് കാർഡ്) നൽകാനുള്ള അരി മിക്ക കടകളിലും സ്റ്റോക്കില്ല. നീല, വെള്ള കാർഡുകാർക്കുള്ള അരി ചില കടകളിൽ സ്റ്റോക്കുണ്ട്. സമരംമൂലം കാലിയായ റേഷൻ കടകളുമുണ്ട്. വാതിൽപ്പടി റേഷൻ വിതരണം തുടങ്ങിയ കാലത്ത് കയറ്റിറക്ക് സമരം നടന്നിരുന്നു. അന്ന് റേഷൻ കടക്കാരിൽനിന്ന് രണ്ടുരൂപകൂടി ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചത്. ഇത്തവണ അങ്ങനെ പണം നൽകാനാവില്ലെന്ന നിലപാടിലാണ് റേഷൻ വ്യാപാരികൾ.