കൊല്ലം : പത്തനാപുരത്തും ചവറയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരേയുണ്ടായ അക്രമത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എം.എൽ.എ.യെ പ്രതീകാത്മക ചങ്ങലയിലിട്ട് പ്രതിഷേധിച്ചു.
ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് എം.എൽ.എ.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം പറഞ്ഞു. എന്നും എം.എൽ.എ.യായി തുടരുമെന്ന ഗണേഷ്കുമാറിന്റെ ഹുങ്കിന് വിരാമമായെന്നും ഇനിയും തുടരുമെന്ന വ്യാമോഹം ശമിപ്പിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അരയുംതലയും മുറുക്കിക്കഴിഞ്ഞെന്നും വിഷ്ണു പറഞ്ഞു. പ്രവർത്തകർ ഗണേഷ്കുമാറിന്റെ കോലം കത്തിച്ചു.
അസംബ്ലി പ്രസിഡന്റ് ശരത്മോഹൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ നവാസ് റഷാദി, ഒ.ബി.രാജേഷ്, കൗശിക് എം.ദാസ്, ഷാജഹാൻ പാലയ്ക്കൽ, ബിച്ചു കൊല്ലം, അയത്തിൽ ശ്രീകുമാർ, ശരത് കടപ്പാക്കട, ഷെഹൻഷാ, ഹർഷാദ് തുടങ്ങിയവർ സംസാരിച്ചു.