ചാത്തന്നൂർ : കോവിഡ് 19 പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ശക്തമായ നടപടിയുമായി ചാത്തന്നൂർ പോലീസ്. പരിശോധന ശക്തമാക്കിയതോടെ മുന്നൂറോളം പെറ്റി കേസുകളാണ് ഞായറാഴ്ച ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തത്.

ലഭ്യമായ പോലീസ് സേനാംഗങ്ങളുടെ 50 ശതമാനം പേരെയും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി വിന്യസിച്ചിരിക്കുകയാണെന്ന് ഐ.എസ്.എച്ച്.ഒ. അനീഷ് ബാബു പറഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ഓഡിറ്റോറിയങ്ങൾ, പൊതുമാർക്കറ്റ് എന്നിവിടങ്ങളിൽ പോലീസിന്റെ പരിശോധന ശക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നുണ്ടോ, മാസ്കും സാനിെറ്റെസറും ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിച്ച് നിയമം പാലിക്കാത്തവർക്ക് പിഴ ചുമത്തുന്നുണ്ട്.

പോലീസ് പല ബാച്ചുകളായി വാഹനപരിശോധനയും ശക്തമാക്കി. പ്രധാനപ്പെട്ട റോഡുകളിലും ഇടറോഡുകളിലും കവലകളിലും പോലീസിന്റെ ഇടവിട്ടുള്ള പരിശോധന നടക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് താക്കീത് നൽകുകയും ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴചുമത്തുകയും ചെയ്യുന്നത് കർശനമാക്കി.

ഓഡിറ്റോറിയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.