പനങ്കുലകൾ കെട്ടിക്കിടന്നു നശിക്കുന്നു

കൃഷിമന്ത്രി നാളെ ഫാക്ടറി സന്ദർശിക്കും

കൊല്ലം : ബോയിലറുകൾ തകരാറിലായതോടെ പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ഫാക്ടറി സ്തംഭനത്തിലേക്ക്. ഏരൂർ എസ്റ്റേറ്റിലെ എണ്ണപ്പനക്കായ സംസ്കരണഫാക്ടറിയുടെ പ്രവർത്തനമാണ് പ്രതിസന്ധിയിലായത്. ഇവിടെനിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് പാംഓയിൽ നിർമിക്കാനുള്ള എണ്ണശുദ്ധീകരണശാലാ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

1999-ൽ തുടങ്ങിയ ഫാക്ടറിയുടെ പ്രവർത്തനകാലാവധി 20 വർഷമായിരുന്നു. ഇതവസാനിച്ച 2019 മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രണ്ടു ബോയ്‌ലറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്കായി ഇളക്കിയിട്ടു രണ്ടുവർഷമായി. ശേഷിക്കുന്ന ഒരു ബോയ്‌ലർ, ട്യൂബിലെ ചോർച്ചകാരണം പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം ഓയിൽപാം തോട്ടങ്ങളിൽനിന്ന് ശേഖരിച്ച ടൺ കണക്കിന് പനങ്കുലകൾ ഫാക്ടറിയുടെ യാർഡിലും എസ്റ്റേറ്റുകളിലും അഴുകി നശിക്കുന്നു.

മണിക്കൂറിൽ 20 ടൺ പനങ്കുലകൾ സംസ്കരിച്ച് ക്രൂഡ് ഓയിലാക്കാൻ ശേഷിയുള്ള പാംഓയിൽ മില്ലിന്റെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കും വേണ്ട നടപടിയുണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുകാരണം. കോവിഡ് കാരണം ബോയിലറിന്റെ ട്യൂബ് കിട്ടാതായതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്നും മൂന്നുമാസത്തിനകം ഫാക്ടറി പ്രവർത്തനസജ്ജമാകുമെന്നും കന്പനി മാനേജിങ് ഡയറക്ടർ ഡോ. ബാബു തോമസ് പറഞ്ഞു.

സ്വന്തമായി എണ്ണശുദ്ധീകരണശാല തുടങ്ങി, പാംഓയിൽ നിർമിച്ച് വിപണിയിലിറക്കിയും മറ്റും പ്രവർത്തനം വിപുലീകരിക്കാതിരുന്നതും തിരിച്ചടിയായി. ഇതിനു പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും മാനേജ്‌മെന്റ് പിന്മാറിയനിലയാണ്. സാമ്പത്തികമായി വിജയിക്കില്ലെന്ന പ്രാഥമിക പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭാരതീപുരത്ത് തുടങ്ങാനുദ്ദേശിച്ച പദ്ധതി ഉപേക്ഷിച്ചത്. എന്നാൽ ഓയിൽപാം ഇന്ത്യയിൽനിന്ന് ക്രൂഡ് ഓയിലും എണ്ണക്കുരുവും വാങ്ങി സംസ്കരിച്ച്, വൻകിട സ്വകാര്യ കമ്പനികൾ കേരളത്തിൽ ഭക്ഷ്യഎണ്ണ അടക്കമുള്ള ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്.

മനോഹരമായ എണ്ണപ്പനത്തോട്ടങ്ങളുമായി ബന്ധപ്പെടുത്തി ടൂറിസം പദ്ധതികൾക്ക് നിർദേശം ഉണ്ടായിരുന്നെങ്കിലും അതും നടന്നില്ല. കൃഷിമന്ത്രി പി.പ്രസാദ് ഞായറാഴ്ച ഫാക്ടറിയിലെത്തുന്നുണ്ട്. വിപുലീകരണവും നവീകരണവും അടക്കമുള്ള കാര്യങ്ങൾ മന്ത്രിയുമായി ചർച്ചചെയ്യുമെന്ന് പി.എസ്.സുപാൽ എം.എൽ.എ. പറഞ്ഞു.