കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലയിലെ നാലുസ്കൂളുകളിൽക്കൂടി എസ്.പി.സി.യൂണിറ്റ്‌ (കുട്ടിപ്പോലീസ്) പ്രവർത്തനം തുടങ്ങി.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ്., തഴവ ബി.ജെ.എസ്.എം.മഠത്തിൽ വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് പുതുതായി യൂണിറ്റുകൾ തുടങ്ങിയത്. കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായിരിക്കും ഓരോ സ്കൂളിലെയും യൂണിറ്റിന്റെ ചുമതല.

കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലും ഗേൾസ് ഹൈസ്കൂളിലും നടന്ന സ്കൂൾതല ഉദ്ഘാടനം എ.എം.ആരിഫ് എം.പി. നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസ് പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൺ സുനിമോൾ, സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻ കോടി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എൽ.ശ്രീലത, ഡോ. പി.മീന, പ്രിൻസിപ്പൽ ബി.ഉഷ, പ്രഥമാധ്യാപകരായ മേരി ടി.അലക്സ്, കെ.ശ്രീകുമാർ, അനിൽ ആർ.പാലവിള, സ്കൂൾ മാനേജർ വി.രാജൻ പിള്ള, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ എന്നിവർ പങ്കെടുത്തു.