മാലിന്യസംസ്കരണത്തിലെ മികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

പുനലൂർ : ഖരമാലിന്യസംസ്കരണത്തിലെ മികവിന് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ പുനലൂർ നഗരസഭ നവകേരളപുരസ്കാരം ഏറ്റുവാങ്ങി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

നഗരസഭാ കാര്യാലയത്തിലെ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ. ചെയർപേഴ്സൺ നിമ്മി ഏബ്രഹാമിന് പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനതലത്തിലും ഒന്നാംസ്ഥാനം നിലനിർത്താൻ നഗരസഭയ്ക്കു കഴിയട്ടേയെന്ന് സുപാൽ ആശംസിച്ചു.

നഗരസഭയുടെ ഖരമാലിന്യസംസ്കരണപ്രവർത്തനങ്ങൾ ശുചിത്വ മിഷൻ, ഗ്രീൻ കേരള, ഹരിതകേരളം മിഷൻ എന്നീ ഏജൻസികൾ പരിശോധിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ഹരിതകർമസേനയെ നിയോഗിച്ച് ഓരോ വാർഡിൽനിന്നും അജൈവ പാഴ്‌വസ്തുക്കൾ ശേഖരിച്ച് സംസ്കരിച്ചാണ് നഗരസഭ മാതൃക കാട്ടിയത്. പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് ടാറിങ്ങിന് ഉപയോഗിക്കുകയാണ് പ്രധാന പ്രവൃത്തി.

പാഴ്‌വസ്തുക്കൾകൊണ്ട് കലാരൂപങ്ങൾ നിർമിച്ച് പ്രദർശിപ്പിക്കുന്ന 'ജംഗിൾ പാർക്കെ'ന്ന മ്യൂസിയം സംസ്ഥാനതലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജൈവമാലിന്യം സംസ്കരിക്കാൻ ഓരോവീട്ടിലും പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്ന പദ്ധതിയും നഗരസഭ നടപ്പാക്കി.

പുരസ്കാരദാനച്ചടങ്ങിൽ വൈസ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, പ്രതിപക്ഷനേതാവ് ജി.ജയപ്രകാശ്, മറ്റു കൗൺസിലർമാർ, സെക്രട്ടറി ബി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. പുരസ്കാരം നേടാൻ യത്നിച്ച ശുചീകരണജോലിക്കാർ, ഹരിതകർമസേനാംഗങ്ങൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരെ കൗൺസിൽ അഭിനന്ദിച്ചു.