കൊല്ലം :കനത്തമഴയിൽ വെള്ളത്തിലായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിന് കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ വീണ്ടുമിറങ്ങുന്നു.

പത്തനംതിട്ട ജില്ലയിലെ റാന്നി, ആറന്മുള, പന്തളം, കീഴ്‌വായ്പൂര് എന്നിവിടങ്ങളിലേക്കാണ് രക്ഷാപ്രവർത്തനത്തിനായി വാടിയിൽനിന്ന്‌ മത്സ്യത്തൊഴിലാളികൾ പോകുന്നത്.

ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഏഴുവള്ളങ്ങൾ ലോറിയിലാക്കി പുറപ്പെട്ടു. ആറന്മുളയിലേക്കുള്ള രണ്ടുവള്ളങ്ങളാണ് ആദ്യം പുറപ്പെട്ടത്. ഓരോവള്ളത്തിലും മൂന്നുപേർവീതമാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത്.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, തഹസിൽദാർ ശശിധരൻ, അസി. പൊലീസ് കമ്മിഷണർ വിജയകുമാർ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ വാടി കടപ്പുറത്തെത്തി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

2018 ഓഗസ്റ്റിലെ പ്രളയകാലത്തും കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി പോയി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.