കൊല്ലം : പതിവിലും നേരത്തേ സീറ്റ്‌ നിർണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും യു.ഡി.എഫിൽ അസംതൃപ്തി ബാക്കി. കാര്യമായ പ്രശ്നങ്ങളില്ലാതെയാണ്‌ സീറ്റ്‌ വിഭജനം പൂർത്തിയാക്കിയതെന്ന്‌ നേതൃത്വം അവകാശപ്പെടുന്നെങ്കിലും പ്രതിസന്ധി തുടരുകയാണ്‌. കല്ലുംതാഴം ഡിവിഷനിലെ സ്ഥാനാർഥിയെച്ചൊല്ലിയാണ്‌ ലീഗിൽ തർക്കങ്ങൾ തുടരുന്നത്‌.

സ്ഥാനാർഥിപ്പട്ടികയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന്‌ ഡി.സി.സി.അംഗവും കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവുമായ സുരേഷ്‌ ബാബു ഉദയമാർത്താണ്ഡപുരം ഡിവിഷനിൽനിന്ന്‌ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഗ്രൂപ്പ്‌ നേതാക്കൾക്കും അവരുടെ ഇഷ്ടക്കാർക്കും സീറ്റ്‌ പങ്കുവെച്ചതിനാലാണ്‌ ഒരു ഗ്രൂപ്പിലുംപെടാത്ത തനിക്ക്‌ സീറ്റ്‌ ലഭിക്കാത്തതെന്ന്‌ അദ്ദേഹം ആരോപിക്കുന്നു.

കല്ലുംതാഴം ഡിവിഷനിൽ മുൻ കോൺഗ്രസ്‌ പ്രവർത്തകനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ ഡിവിഷൻ കമ്മിറ്റിയിലുണ്ടായ അസ്വാരസ്യങ്ങൾ ലീഗ്‌ ആസ്ഥാനം ഉപരോധിക്കുന്നതുവരെയെത്തി.

പാർട്ടി ജില്ലാ സെക്രട്ടറിമാരായ മുള്ളുകാട്‌ സാദിഖ്‌, സലിം ചാത്തിനാംകുളം, കിളികൊല്ലൂർ മേഖലാ പ്രസിഡനറ്‌ സലാം മാല്യത്ത്‌, ഡിവിഷൻ കമ്മിറ്റി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശിഹാബുദ്ദീൻ, കല്ലുംതാഴം ഡിവിഷൻ പ്രസിഡന്റ്‌ ഷാജഹാൻ പടിപ്പുര എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

എന്നാൽ പാർട്ടി പ്രഖ്യാപിച്ച സതീഷ്‌ തന്നെയാകും ഡിവിഷനിൽ മത്സരിക്കുകയെന്ന്‌ ലീഗ്‌ ജില്ലാനേതൃത്വം വ്യക്തമാക്കി. മങ്ങാട്‌ മേഖലയിലെ സീറ്റുകൾ ഘടകകക്ഷികൾക്ക്‌ നൽകിയതിലും കോൺഗ്രസിൽ അതൃ‌പ്തിയുണ്ട്‌.

ചാത്തിനാംകുളം, മങ്ങാട്‌ സീറ്റുകൾ ആർ.എസ്‌.പി.ക്കും അറുനൂറ്റിമംഗലം കേരള കോൺഗ്രസി(ജേക്കബ്‌)നും നൽകിയതാണ്‌ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കിയത്‌.

സി.എം.പി. ഒറ്റയ്ക്കു മത്സരിക്കും

:കോർപ്പറേഷനിൽ ഉളിയക്കോവിൽ വടക്കുംഭാഗം, കന്റോൺമെന്റ്‌, ആലാട്ടുകാവ്‌, കുരീപ്പുഴ എന്നിവിടങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കാൻ സി.എം.പി. അരവിന്ദാക്ഷവിഭാഗം തീരുമാനിച്ചു. ഇരുമുന്നണികളിൽനിന്നും അകലംപാലിക്കാനാണ്‌ പാർട്ടി തീരുമാനമെന്ന്‌ ജില്ലാ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ അറിയിച്ചു. നേരത്തേ യു.ഡി.എഫിൽ ചേർന്ന്‌ പ്രവർത്തിക്കാനായിരുന്നു പാർട്ടി തീരുമാനം.