ചവറ :കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയ വനിതയെ സ്ഥാനാർഥിയാക്കി വീണ്ടും മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിൽ ഭിന്നത. ചവറ പഴഞ്ഞിക്കാവ് വാർഡിലാണ് ഭിന്നിപ്പ് മറനീക്കി പുറത്തുവന്നത്. വാർഡ് കമ്മിറ്റിയിലെ ചിലർവെച്ച നിർദേശങ്ങൾ ലോക്കൽ കമ്മിറ്റിയിലെ ചില നേതാക്കൾ അംഗീകരിക്കാത്തതിനെ തുടർന്ന് അഭിപ്രായ ഭിന്നതയുണ്ടാവുകയായിരുന്നു.

കഴിഞ്ഞ പ്രാവശ്യം ഇവിടെ വനിതാ സംവരണമായിരുന്നു. ഇപ്പോൾ ജനറൽ വാർഡാക്കിയ ഇവിടെ പാർട്ടി പ്രവർത്തകരായ യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യം ഉയർന്നു വന്നു. സീറ്റ് നൽകി വിജയിച്ച വനിതയെ വീണ്ടും നിർത്തി മത്സരിപ്പിക്കാൻ ലോക്കൽ കമ്മിറ്റിയിലെ ഭാരവാഹിത്വമുള്ളവരിൽ ചിലർ ഉറച്ചുനിന്നപ്പോൾ അതംഗീകരിക്കാൻ വാർഡ് കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം പേരും തയ്യാറായിട്ടില്ലയെന്നാണ് സൂചന.

അടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെ വീണ്ടും വനിതാ സംവരണം വന്നാൽ ഇക്കുറി വനിതയെ മത്സരിപ്പിക്കുന്നതിലൂടെ യുവാക്കൾക്കുള്ള അവസരം നഷ്ടപ്പെടുമെന്നാണ് പറയുന്നത്. വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെതിരേ ഒരു വിഭാഗം പാർട്ടി നേതൃത്വത്തിന് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.