ശാസ്താംകോട്ട :ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഇത്തവണ വാശിയേറും. പ്രധാനകക്ഷികളുടെ സ്ഥാനാർഥിനിർണയം പൂർത്തിയായതോടെ ഡിവിഷനുകളിൽ പ്രചാരണവും ശക്തമായി. മിക്ക വാർഡിലും ത്രികോണമത്സരത്തിനാണ് കളമൊരുങ്ങുന്നത്. പ്രബലരായ സ്ഥാനാർഥികളെ രംഗത്തിറക്കിയതോടെ ഇത്തവണ മത്സരം കടുക്കുകയാണ്.

പുതുമുഖങ്ങൾക്കൊപ്പം പരിചയസമ്പത്തുള്ളവരും സ്ഥാനാർഥികളായി രംഗത്തുണ്ട്. ഇടതുപക്ഷവും യു.ഡി.എഫും മാറിമാറി ഭരിച്ച ചരിത്രമാണ് ശാസ്താംകോട്ടയ്ക്കുള്ളത്. കഴിഞ്ഞതവണ എൽ.ഡി.എഫ്. അധികാരത്തിലെത്തിയ ഇവിടെ ഇടയ്ക്കുനടന്ന വോട്ടെടുപ്പിൽ കോൺഗ്രസിന് ഭരണം ലഭിച്ചത് എല്ലാവരെയും ഞെട്ടിച്ചു. സി.പി.ഐ.യിൽനിന്ന് സി.പി.എമ്മിന് ഭരണമാറ്റം നടത്തിയപ്പോൾ എൽ.ഡി.എഫിനെ പ്രതിനിധാനംചെയ്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അരുണാമണിക്ക് എതിരായി ഒരംഗം വോട്ടുചെയ്തു. തുല്യസീറ്റുകൾ വന്നതോടെ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ അംബികാ വിജയകുമാർ പ്രസിഡന്റാവുകയായിരുന്നു.

സി.പി.എം. അംഗത്തിനെതിരേ പാർട്ടി നടപടിയെടുക്കുകയും ചെയ്തു. 14 ഡിവിഷനുകളാണുള്ളത്. കഴിഞ്ഞതവണ എട്ടുസീറ്റ് നേടിയാണ് എൽ.ഡി.എഫ്. അധികാരത്തിലെത്തിയത്. യു.ഡി.എഫ്. ആറുസീറ്റുനേടി. കഴിഞ്ഞതവണ 1,25,046 വോട്ടാണ് പോൾചെയ്തത്. ഇത്തവണ ഒന്നരലക്ഷം കടക്കുമെന്നാണ്‌ നിഗമനം. പതാരം ഡിവിഷനിൽനിന്ന്‌ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർഥി ആർ.എസ്.പി.യിലെ ആർ.രാജീവിനായിരുന്നു ഏറ്റവും വലിയ ഭൂരിപക്ഷം. 2613 വോട്ട്‌്‌. ഇത്തവണ ഈ സീറ്റ് വനിതയായപ്പോൾ കോൺഗ്രസ് വിട്ടുവന്ന ശ്രീദേവിക്ക് സി.പി.എം. സീറ്റുനൽകി. കഴിഞ്ഞതവണ സി.പി.ഐ. 1462 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ആനയടിയിലും കോൺഗ്രസ് 45 വോട്ടിന് വിജയിച്ച ശൂരനാട് വടക്കും സി.പി.ഐ.യിലെ പോര് അവരെ പ്രതികൂലമായി ബാധിച്ചേക്കും. ഇവിടെ യു.ഡി.എഫിലും സ്ഥാനാർഥി നിർണയം കീറാമുട്ടിയായി.

യു.ഡി.എഫ്. വിജയിച്ച ഡിവിഷനുകളായ ശാസ്താംകോട്ട, ഭരണിക്കാവ് എന്നിവിടങ്ങളിൽ മത്സരം കടുക്കും. ശാസ്താംകോട്ട ഡിവിഷൻ ആർ.എസ്.പി. ലെനിനിസ്റ്റ് മത്സരിക്കുന്ന സംസ്ഥാനത്തെ ഏകസീറ്റാണ്. സി.പി.എം., സി.പി.ഐ.ക്ക് വിട്ടുനൽകിയ കടപുഴയിലെ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ യു.ഡി.എഫ്. ഒന്നാംഘട്ട പ്രചാരണം കഴിഞ്ഞു. എൽ.ഡി.എഫ്. കഴിഞ്ഞതവണ വിജയിച്ച ഐവർകാല, മലനട, പോരുവഴി, വേങ്ങ എന്നിവിടങ്ങളിൽ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

ബി.ജെ.പി. കടപ്പ ഒഴികെയുള്ള എല്ലാ ഡിവിഷനുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ഉഷാറാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ ഡിവിഷനിലും 1200-ന് മുകളിൽ വോട്ട്‌ ബി.ജെ.പി. നേടി. പതിനേഴായിരത്തോളം വോട്ടാണ് ആകെ നേടിയത്.സ്ഥാനാർഥികളായി

പലവാർഡിലും ത്രികോണമത്സരം

കഴിഞ്ഞതവണ പോൾചെയ്തത് 1.25 ലക്ഷം വോട്ട്