അഞ്ചാലുംമൂട് : കഴിഞ്ഞദിവസം അന്തരിച്ച കേരള സർവകലാശാല മലയാളവിഭാഗം മുൻമേധാവിയും നിരൂപകനുമായ ഡോ. ജി.പദ്മറാവുവിന്റെ അമ്മ പ്രിയംവദയും (92) യാത്രയായി. അമ്മയ്ക്കു തൊട്ടടുത്ത് മകനും ചിതയൊരുങ്ങിയപ്പോൾ വേർപിരിക്കാനാകാത്ത വാത്സല്യത്തിന്റെ ഓർമകൾ സങ്കടമായിനിറഞ്ഞു.

അപകടത്തെത്തുടർന്ന് ഒരുവർഷം അബോധാവസ്ഥയിൽ ചികിത്സയിൽ തുടരവെയായിരുന്നു പദ്മറാവുവിന്റെ അന്ത്യം. 2020 ജൂൺ ഒൻപതിന് കാര്യവട്ടം കാമ്പസിൽനിന്ന് സഹപ്രവർത്തകനൊപ്പം തിരുവനന്തപുരത്തേക്ക് ബൈക്കിൽ യാത്രചെയ്യവേ പാങ്ങപ്പാറയിൽവെച്ച് മരക്കൊമ്പ് ഒടിഞ്ഞുവീണായിരുന്നു അപകടം. ആശുപത്രി ചികിത്സയ്ക്കുശേഷം കൊല്ലം രാമൻകുളങ്ങരയിലെ തേജസ്വനി വീട്ടിൽ ചികിത്സതുടരുകയായിരുന്നു. അസുഖം കൂടിയതിനെത്തുടർന്ന് മൂന്നുദിവസംമുൻപ്‌ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.30-ന് മരിച്ചു.

വിവരം പ്രിയംവദയെ അറിയിച്ചിരുന്നില്ല. അമ്മയുടെ പ്രിയപ്പെട്ട മകനായിരുന്നു പദ്‌മറാവു. ചികിത്സയിലായിരുന്ന പദ്മറാവുവിനെ കാണാൻ പ്രിയംവദ ഒരുതവണ മകളോടൊപ്പം പോയിരുന്നു. അഞ്ചാലുംമൂട് സി.കെ.പി.യിൽ മകളുടെ വീട്ടിലായിരുന്ന പ്രിയംവദ രണ്ടുമാസമായി പ്രായാധിക്യംമൂലമുള്ള അസുഖത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ അമ്മയും മരണമടഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പേഴുംതുരുത്തിലെ കുടുംബവീടായ പത്മാലയത്തിൽ എത്തിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കരിച്ചു.

പേഴുംതുരുത്ത് പത്മാലയത്തിൽ പരേതനായ കെ.ഗംഗാധരന്റെ ഭാര്യയാണ്‌ പ്രിയംവദ. മകൾ: സുധ. മരുമകൻ: സുഗതൻ. സംസ്കൃത സർവകലാശാല പന്മനകേന്ദ്രം ഡയറക്ടർ ഡോ. എ.ഷീലാകുമാരിയാണ് പദ്മറാവുവിന്റെ ഭാര്യ. മക്കൾ: അഗ്‌നിവേശ് റാവു (ടാറ്റാ സ്റ്റീൽസ്, ചെന്നൈ), ആഗ്‌നേയ്‌ റാവു (കനറാ ബാങ്ക്, മൈനാഗപ്പള്ളി). മരുമകൾ: സ്നിഗ്ദ്ധ.

വിവിധ എസ്.എൻ.കോളേജുകൾ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന പദ്‌മറാവു വലിയ ശിഷ്യസമ്പത്തിനുടമയാണ്. കേരള സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് ഡീൻ, ലെക്സിക്കൻ ചീഫ് എഡിറ്റർ, യു.ജി.സി. ഹ്യൂമൻ റിസോഴ്സ് സെന്റർ ഡയറക്ടർ, അന്തർദേശീയ ശ്രീനാരായണ പഠനഗവേഷണകേന്ദ്രം ഡയറക്ടർ എന്നീസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.