ചവറ : കോവിഡ് ബാധിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു. ഡ്രൈവർ ചവറ തെക്കുംഭാഗം നടുവത്തുചേരി സജിഭവനത്തിൽ സജിക്കുട്ടനെ (28) പോലീസ്‌ അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നത്: കഴിഞ്ഞ മൂന്നിന് രാത്രി 11-നാണ് സംഭവം. യുവതിയുടെ മാതൃസഹോദരി കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രാത്രി അസുഖം കൂടിയതോടെ രോഗിയെ ചവറ ശങ്കരമംഗലത്തെ കെ.എം.എം.എല്ലിന്റെ കോവിഡ് ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിച്ചു. പഞ്ചായത്ത് വാടകയ്ക്കെടുത്തിരുന്ന, പ്രദേശത്തെ സാംസ്കാരികസമിതിയുടെ ആംബുലൻസ് ഏർപ്പാടാക്കി. ആംബുലൻസെത്തിയപ്പോൾ രോഗിയുടെ സഹായത്തിന് സ്ത്രീതന്നെ മതിയെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് യുവതി ആംബുലൻസിൽ രോഗിക്കൊപ്പംപോയി. രോഗിയെ ആശുപത്രിയിലെത്തിച്ചശേഷം തിരികെവരുമ്പോൾ കൈയുറയും മുഖാവരണവും എടുക്കാനെന്ന വ്യാജേനെ തെക്കുംഭാഗത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് നിർത്തി. തുടർന്ന് വാതിൽ തുറന്ന് യുവതിയെ കടന്നുപിടിച്ചു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കുലഭിച്ച പരാതിയെത്തുടർന്ന് കരുനാഗപ്പള്ളി എ.സി.പി. സജീവ്, ഇൻസ്പെക്ടർ പി.ജി.മധു, എസ്.ഐ.മാരായ അശോകൻ, സതീശൻ എന്നിവർ തെക്കുംഭാഗത്തെ ഗൃഹവാസ പരിചരണകേന്ദ്രത്തിനുസമീപംവെച്ച് സജിക്കുട്ടനെ പിടികൂടി. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.