ചാത്തന്നൂർ : പിണറായിസർക്കാർ ഭരണത്തിൽ വൻസാമ്പത്തിക ബാധ്യതയിലായ കേരളത്തെ വൻകടക്കെണിയിലാക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ്. അനുവദിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ-റെയിൽ വേണ്ടാ കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തിയും ദേശീയപാത മതിൽകെട്ടിത്തിരിച്ച് അശാസ്ത്രീയമായ റോഡ് നിർമാണത്തിനെതിരേയും യു.ഡി.എഫ്. ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ചാത്തന്നൂരിൽ സംഘടിപ്പിച്ച ഏകദിന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.

കെ-റെയിൽ പദ്ധതിയുടെ ഡി.പി.ആർ. പുറത്തുവന്നാൽ കേരളം ഒന്നടങ്കം പ്രതിഷേധിക്കുന്ന സ്ഥിതിവിശേഷമായിരിക്കും ഉണ്ടാകുക. വിഴിഞ്ഞം പദ്ധതിപ്രദേശത്തുനിന്നും ബാലരാമപുരം വരെയുള്ള റെയിൽവേ പദ്ധതിക്കായി 10 കിലോമീറ്റർ ദൈർഘ്യത്തിൽ പാത നിർമിക്കുന്നതിന് ഇതുവരെ ഒരുതുണ്ടു ഭൂമിപോലും ഏറ്റെടുത്തു നൽകാൻകഴിയാത്ത പിണറായിസർക്കാരാണ് കെ-റെയിലിനായി വാശിപിടിക്കുന്നത്. ഏകദേശം 16 ഏക്കറോളം ഭൂമിമാത്രമാണിതിനായി ഏറ്റെടുത്ത് നൽകേണ്ടിവരുന്നത്.

പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുന്ന പദ്ധതിക്കുപകരം സബർബൻ പദ്ധതിയാണ് കേരളത്തിന് അഭികാമ്യമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. അഴിമതി നടത്താൻവേണ്ടി മാത്രമാണ് കെ-റെയിൽ പദ്ധതിയുമായി വാശിപിടിച്ച് നടപ്പാക്കാൻ ശ്രമിക്കുന്നത്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ യു.ഡി.എഫ്. ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ്. നേതാക്കളായ പി.സി.വിഷ്ണുനാഥ് എം.എൽ.എ., എ.എ.അസീസ്, ജി.ദേവരാജൻ, കെ.സി.രാജൻ, പി.രാജേന്ദ്രപ്രസാദ്, ജി.പ്രതാപവർമ തമ്പാൻ, ജി.രാജേന്ദ്രപ്രസാദ്, എ.യൂനുസ്‌കുഞ്ഞ്, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, എ.ഷാനവാസ്ഖാൻ, ബിജു പാരിപ്പള്ളി, എൻ.ഉണ്ണിക്കൃഷ്ണൻ, എ.ശുഹൈബ്, സുഭാഷ് പുളിക്കൽ, എം.സുന്ദരേശൻ പിള്ള, എസ്.ശ്രീലാൽ, രാജൻ കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രേമചന്ദ്രനെതിരേ മോഷണക്കുറ്റം ചുമത്തിയ പോലീസ് നടപടി ജനാധിപത്യവിരുദ്ധം

ചാത്തന്നൂർ : ജനകീയ അടിത്തറയുള്ള എൻ.കെ.പ്രേമചന്ദ്രൻ എം.പി. ക്കെതിരേ മോഷണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾചേർത്ത് കള്ളക്കേസെടുത്ത പോലീസ് നടപടി ജനാധിപത്യകേരളത്തിന് അപമാനകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

ജനകീയപ്രശ്നങ്ങളിൽ എൻ.കെ.പ്രേമചന്ദ്രൻ സ്വീകരിക്കുന്ന നിലപാടുകൾ സി.പി.എമ്മിനെയും പിണറായി സർക്കാരിനെയും അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ് കേസെടുത്തതിലൂടെ വ്യക്തമാകുന്നത്.

ഒരു പാർലമെന്റ് അംഗത്തിന് ലഭിക്കേണ്ട അവകാശങ്ങൾപോലും പോലീസ് നൽകിയിട്ടില്ല.

എല്ലാ നിയമങ്ങളും ലംഘിച്ച് എം.പി.ക്കെതിരേ കേസെടുത്ത നടപടി ശക്തമായ ജനവികാരത്തിന്‌ കാരണമാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.