പുത്തൂർ : സഹകരണസംഘങ്ങളെ തകർക്കുന്ന നിലപാടുകളാണ് കേന്ദ്രത്തിന്റേതെന്നും അടിസ്ഥാനവർഗത്തിന്റെ സാമ്പത്തികമേഖലയ്ക്ക് താങ്ങാകുന്ന സഹകരണസംഘങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും രമേശ് ചെന്നിത്തല എം.എൽ.എ. ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് നിർമിച്ച കെ.കരുണാകരൻ സ്മാരക കോൺഫറൻസ് ഹാളിന്റെ സമർപ്പണവും നാമകരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് പി.ഗോപിനാഥൻ പിള്ള അധ്യക്ഷനായി.

പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.എൻ.ഭട്ടതിരി മൃഗസംരക്ഷണ ഉപകേന്ദ്രത്തിന് സൗജന്യമായി നൽകിയ നാല് സെന്റ് ഭൂമിയുടെ രേഖ കൊടിക്കുന്നിൽ സുരേഷ് എം.പി.യും ചാത്തനല്ലൂർ കെ.രാധാകൃഷ്ണപിള്ള കാർഷികകേന്ദ്രത്തിന് സൗജന്യമായി നൽകിയ 10 സെന്റ് ഭൂമിയുടെ രേഖകൾ കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യും ഏറ്റുവാങ്ങി.

ഭൂമി വിട്ടുനൽകിയവരെയും വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെയും ആദരിച്ചു. കേരള ബാങ്ക് ഡയറക്ടർ ജി.ലാലു പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജെ.കെ.വിനോദിനി, വാർഡ്‌ അംഗം ബൈജു ചെറുപൊയ്ക, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ജില്ലാ സെക്രട്ടറി കുളക്കട രാജു, ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം പാങ്ങോട് സുരേഷ്, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എ.മന്മഥൻ നായർ, ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, ക്ഷീരസംഘം പ്രസിഡന്റ് കെ.പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.