ജില്ലാതല പട്ടയമേള കൊട്ടാരക്കരയിൽ നടത്തി

കൊട്ടാരക്കര : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പട്ടയവിതരണം നടത്തി.

ഭൂമിയും കിടപ്പാടവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പട്ടയമേളയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. റവന്യൂ സേവനങ്ങൾ അതിവേഗം ലഭ്യമാക്കും. ഭൂമിസംബന്ധമായ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അർഹതയുള്ള എല്ലാവർക്കും പട്ടയം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ.ഷാജു, കളക്ടർ അഫ്‌സാന പർവീൺ, അസി. കളക്ടർ അരുൺ എസ്.നായർ, എ.ഡി.എം. എൻ.സാജിതാബീഗം, ആർ.ഡി.ഒ. ബി.ശശികുമാർ, ഡെപ്യൂട്ടി കളക്ടർമാരായ റോയികുമാർ, ജയശ്രീ, ആർ.ബീനാറാണി, തഹസിൽദാർ ജി.നിർമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന ചടങ്ങിൽ അതത്‌ താലൂക്കിലെ പട്ടയങ്ങൾ എം.എൽ.എ.മാർ വിതരണം ചെയ്തു.

ജില്ലയിൽ 58 കുടുംബങ്ങൾക്ക് പട്ടയം

:ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത് 58 കുടുംബങ്ങൾക്ക്. കൊട്ടാരക്കര താലൂക്കിൽ പത്ത്, കൊല്ലം, കുന്നത്തൂർ താലൂക്കുകളിൽ ഒമ്പതുവീതം, പത്തനാപുരം താലൂക്കിൽ അഞ്ച്, പുനലൂർ താലൂക്കിൽ ഇരുപത്തിയഞ്ചും പട്ടയങ്ങളാണ് നൽകിയത്. എൽ.എ. വിഭാഗത്തിലാണ് കൂടുതൽ പട്ടയങ്ങൾ നൽകിയത്. കൊല്ലം താലൂക്കിൽ രണ്ട് ദേവസ്വം പട്ടയങ്ങളും നൽകി. എൽ.ആർ., മിച്ചഭൂമി സാധൂകരണം വിഭാഗങ്ങളിലും പട്ടയം നൽകി.