കൊട്ടാരക്കര : ചുമതലയേറ്റതിന്റെ അടുത്തദിവസംതന്നെ കളക്ടർ അഫ്‌സാന പർവീൺ കൊട്ടാരക്കര താലൂക്ക്‌ ഓഫീസ് സന്ദർശിച്ചു. കൊട്ടാരക്കരയിൽ നടന്ന പട്ടയവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയ കളക്ടർ അപ്രതീക്ഷിതമായി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസ് സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഓഫീസിലെ എല്ലാ സെക്‌ഷനുകളും സന്ദർശിച്ച കളക്ടർ മുഴുവൻ ജീവനക്കാരെയും വിളിച്ചുചേർത്തു. ജോലിസംബന്ധമായ വിവരങ്ങളും പ്രശ്നങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു. ഫയലുകൾ മാറ്റിവയ്ക്കരുതെന്നും സാധാരണക്കാരുടെ ആവശ്യങ്ങളിൽ വേഗത്തിൽ നടപടികൾ വേണമെന്നും നിർദേശിച്ചു.

എല്ലാ ജീവനക്കാർക്കും ആവശ്യമായ സ്ഥലസൗകര്യങ്ങളും നല്ല അന്തരീക്ഷവുമുള്ള ഓഫീസാണെന്നും നല്ല ക്രമീകരണങ്ങളും പരിപാലനവും ശ്രദ്ധയിൽപ്പെട്ടതായും കളക്ടർ സന്ദർശക പുസ്തകത്തിൽ കുറിച്ചു. ജില്ലയിൽ ചുമതലയെടുത്ത തന്റെ ആദ്യ സന്ദർശനം ഇതുപോലെ ഒരു ഓഫീസിലേക്കായത് സന്തോഷം നൽകുന്നെന്നും കളക്ടർ പറഞ്ഞു. തഹസിൽദാർ ജി.നിർമൽകുമാർ കളക്ടറെ സ്വീകരിച്ചു.