തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മല, ആര്യങ്കാവ് ഭാഗങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്‌ വാർഡ് അംഗം വനംവകുപ്പ് ഓഫീസിനു മുന്നിൽ സമരം നടത്തി. തെന്മല മൂന്നാംവാർഡ് അംഗമായ നാഗരാജാണ് കഴിഞ്ഞദിവസം തെന്മല വനം ഡിവിഷൻ ഓഫീസിനു മുന്നിൽ ഇരുന്നു പ്രതിഷേധിച്ചത്.

പലതവണ അപേക്ഷ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലനടപടി ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ അങ്ങിങ്ങ്‌ മരം ഒടിഞ്ഞുവീണിരുന്നു. വീടുകൾക്കു ഭീഷണിയായ മരങ്ങളും മുറിച്ചുമാറ്റാനുണ്ടെന്ന്‌ നാഗരാജ്‌ പറഞ്ഞു. പ്രളയസമയത്ത് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് സർക്കാർ നിർദേശിച്ചിരുന്നെങ്കിലും പാലിച്ചിട്ടില്ല.

ഉദ്യോഗസ്ഥരും വാർഡ് അംഗവുമായി നടന്ന ചർച്ചയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.