പരവൂർ : ലോക്ഡൗണും മറ്റ് വിലക്കുകളും പിൻവലിക്കുകയും കോളേജുകളും സ്കൂളുകളുമെല്ലാം തുറക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാർക്ക് സ്റ്റേഷനുകളിൽനിന്ന് ടിക്കറ്റെടുത്ത് യാത്രചെയ്യാനും സീസൺ ടിക്കറ്റ് അനുവദിക്കാനുമുള്ള സൗകര്യം റെയിൽവേ അധികാരികൾ അടിയന്തരമായി ഒരുക്കണമെന്നും പാസഞ്ചർ-മെമു സർവീസുകൾ ഉടൻ ആരംഭിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

റിസർവേഷൻ പകൽക്കൊള്ള അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇതിനെതിരേ യാത്രക്കാരെയും ജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഉടൻ രൂപം നൽകുമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അറിയിച്ചു.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ.ദിനേശ്‌മണി, കൺവീനർ ജെ.ഗോപകുമാർ, അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് ടി.പി.ദീപുലാൽ, ജില്ലാസെക്രട്ടറി ചിതറ അരുൺ ശങ്കർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിർമൽകുമാർ, സെക്രട്ടറി കെ.ആർ.രഘുനാഥ് എന്നിവർ സംസാരിച്ചു.