കുളത്തൂപ്പുഴ : എണ്ണപ്പനത്തോട്ടത്തിൽനിന്ന്‌ തൊഴിലാളികൾ വെട്ടിയിറക്കിയ പനങ്കുലകൾ യഥാസമയം ശേഖരിക്കാതെ കാട്ടിനുള്ളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പനംകായ്കൾ അഴുകി കമ്പനിക്ക്‌ ലക്ഷങ്ങൾ നഷ്ടമാകുന്നു.

ഓയിൽപാം എണ്ണപ്പനത്തോട്ടം, ഭാരതീപുരം ഭാഗങ്ങളിലാണ് പനയിൽനിന്ന്‌ പാകമായ കുലകൾ വെട്ടിയിറക്കി വഴിയരികിൽ ഉപേക്ഷിച്ചിരിക്കുന്നത്.

കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയവരാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ശേഖരിക്കാതെ മാസങ്ങളായി വഴിയരികിലെ കാട്ടിനുള്ളിൽ ചെറുകൂനകളായി കിടക്കുന്ന പനങ്കുലകൾ അഴുകിനശിച്ച്‌ കൂണുകൾ കിളിർത്ത് ഉപയോഗശൂന്യമായിരിക്കുകയാണ്.

ദിവസവേതനക്കാരായ പുരുഷതൊഴിലാളികൾ വെട്ടിയിറക്കുന്ന എണ്ണപ്പനങ്കുലകൾ സ്ത്രീത്തൊഴിലാളികൾ ശേഖരിച്ച് ടിപ്പർ ലോറിയെത്തുന്ന വഴിയിൽ എത്തിക്കുകയും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ ഫാക്ടറിയിലേക്ക്‌ കൊണ്ടുപേകുകയും ചെയ്യുന്നതാണ് രീതി.

പനങ്കുലകളുടെ തൂക്കത്തിന്‍റെ കണക്കനുസരിച്ചാണ് തൊഴിലാളികൾക്ക്‌ കൂലി നൽകുന്നത്. വാഹനങ്ങളിലെത്തിക്കുന്ന ലോഡ് തൂക്കം കണക്കാക്കിയാണ് ഫാക്ടറിക്കുള്ളിലേക്ക് കടത്തിവിടുന്നത്. വെട്ടിയിറക്കുന്ന കുലകൾ മുഴുവനും ശേഖരിക്കാത്തതിനാൽ തൊഴിലാളികളുടെ വേതനത്തിലും കുറവുവരാനിടയാകും.

വിവിധ യൂണിറ്റുകളായി തിരിച്ച് കണക്കെടുപ്പു ജോലിക്കാർ, സൈറ്റ് സൂപ്പർവൈസർ മാനേജർ എന്നിവർക്കാണ് മേൽനോട്ടച്ചുമതല.

യന്ത്രത്തകരാർമൂലം ഫാക്ടറിയുടെ പ്രവർത്തനം പ്രതിസന്ധിയിലായ ഘട്ടത്തിൽ, വിളവെടുക്കുന്ന പനങ്കുലകൾ ശേഖരിക്കാതെ ഉപേക്ഷിക്കുകകൂടി ചെയ്യുന്നത്‌ കമ്പനി കൂടുതൽ നഷ്ടത്തിലാകാൻ ഇടയാക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു.