കുണ്ടറ : കോവിഡിന്റെ രണ്ടാംവരവിൽ തകർന്നുപോയ മൺറോത്തുരുത്തിലെ വിനോദസഞ്ചാരമേഖല വീണ്ടും തളിരിട്ടുതുടങ്ങി. സ്വദേശികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുമായ വിനോദസഞ്ചാരികളാണ് ഇപ്പോൾ തുരുത്തിലെത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. നാടൻവള്ളങ്ങൾക്കും ശിക്കാരവള്ളങ്ങൾക്കുമാണ് ആവശ്യക്കാരേറെയുള്ളത്. സ്വദേശികളായ സഞ്ചാരികൾ അഷ്ടമുടിക്കായൽ യാത്രയും കണ്ടൽക്കാടുകളൊരുക്കുന്ന കമാനങ്ങളും ഏറെ ഇഷ്ടപ്പെടുമ്പോൾ ഇതരസംസ്ഥാനക്കാർ കൂടുതലും മൺറോത്തുരുത്തിനെ കീറിമുറിക്കുന്ന ചെറുതോടുകളിൽക്കൂടിയുള്ള യാത്രകളിഷ്ടപ്പെടുന്നു.

ഹോം സ്റ്റേകളിലും റിസോർട്ടുകളിലും സഞ്ചാരികളുടെ തിരക്കായിട്ടില്ല. മൺറോത്തുരുത്തിലെത്തുന്ന സ്വദേശികളായ സഞ്ചാരികൾ ഏതാനും മണിക്കൂറുകൾ ചെലവിട്ടു മടങ്ങുമ്പോൾ വടക്കേയിന്ത്യയിൽനിന്നുള്ള സഞ്ചാരികൾ മാത്രമാണ് ഹോം സ്റ്റേ സൗകര്യങ്ങൾ ആവശ്യപ്പെട്ടുവരുന്നത്.

മൺറോത്തുരുത്തിലേക്കുള്ള പാത തകർന്നുകിടക്കുന്നത് വിനോദസഞ്ചാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരിക്കൽ വന്നു തിരിച്ചുപോകുന്നവർ ദുർഘടപാത താണ്ടി വീണ്ടുമെത്തുന്നതിനു മടിക്കുന്നു. സഞ്ചാരികളുടെ പ്രധാന പരാതിയും തകർന്നുകിടക്കുന്ന കുണ്ടറ-മൺറോത്തുരുത്ത് പാതതന്നെയാണ്. ചെറുതോടുകളുടെ അറ്റകുറ്റപ്പണികൾ കോവിഡ് ബാധയെത്തുടർന്ന് നിലച്ചുപോയത് ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതും വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി.

നടപ്പാതകൾ പുതുക്കിപ്പണിതപ്പോൾ പഴയ, തകർന്നുപോയ നടപ്പാതകൾ പൊളിച്ചുമാറ്റാതിരുന്നത് അപകടഭീഷണി ഉയർത്തുന്നതായി സഞ്ചാരികൾ പറയുന്നു.

മറ്റു മേഖലകളിൽ ജോലിചെയ്തിരുന്നവരാണ് വിനോദസഞ്ചാരമേഖലയിലേക്ക് തിരിഞ്ഞവരിൽ ഭൂരിപക്ഷവും. ഇവർക്ക് വിനോദസഞ്ചാരികളോട് ഇടപഴകുന്നതിനും പ്രകൃതിസംരക്ഷണത്തിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമൊന്നും പരിശീലനം നൽകിയിട്ടില്ല. ജില്ലയിലെ പ്രധാന വിനോദസഞ്ചാരമേഖലയായി വളർന്നുകഴിഞ്ഞ മൺറോത്തുരുത്തിൽ സഞ്ചാരികൾക്കായി അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല. അതിഥികൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതിന്‌ ഇവിടെ പൊതുശൗചാലയങ്ങളില്ല. കർണാടകസ്വദേശികളായ ഇരുപതോളംപേരാണ് മൺറോത്തുരുത്തിൽ കൊട്ടവള്ളങ്ങളുമായി തമ്പടിച്ചുകഴിയുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണം

സഞ്ചാരികളെ ആകർഷിക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണം. ഈ മേഖലയിൽ പ്രവർത്തിക്കാൻ തയ്യാറായി എത്തുന്നവർക്ക് മതിയായ പരിശീലനം നൽകണം. തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖകളും മറ്റും നൽകുന്നതിനുള്ള നടപടികളെടുക്കാൻ ഗ്രാമപ്പഞ്ചായത്തും ജില്ലാ ഭരണാധികാരികളും തയ്യാറാകണം. കായൽയാത്രയ്ക്കിടെ സംഭവിക്കാവുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ സുരക്ഷാസേനയെ നിയോഗിക്കണം. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം.

അമ്മു അംബിക

മൺറോത്തുരുത്ത് സ്വദേശി, എൻജിനീയറിങ്‌ വിദ്യാർഥിനി