ഒരുവർഷംമുൻപ്‌ മുറിച്ച തടികൾ ഡിപ്പോകളിൽ എത്തിച്ചില്ല

കുളത്തൂപ്പുഴ : ആദിവാസിമേഖലയിൽ വനംവകുപ്പ് മുറിച്ചിട്ട ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ നശിക്കുമ്പോൾ വീണ്ടും മരംമുറി തുടരുകയാണ്.

അഞ്ചൽ വനം റെയ്‌ഞ്ചിൽ ഏഴംകുളം സെക്‌ഷനിൽ ഉൾപ്പെട്ട കടമാൻകോട്, കുഴവിയോട് ആദിവാസി കോളനിക്കുള്ളിലാണ് ഒരുവർഷംമുൻപ്‌ മുറിച്ചിട്ട മരങ്ങൾ കരാർ നൽകി വിൽക്കാനോ ഡിപ്പോകളിലെത്തിച്ചു ലേലംചെയ്യാനോ നടപടിയില്ലാതെ നശിക്കുന്നത്.

ആദിവാസികളുടെ വീടിനു ഭീഷണിയായ മരങ്ങളാണ് ഒരുവർഷംമുൻപ്‌ മുറിച്ചുതുടങ്ങിയത്. എന്നാൽ നടപടികൾ പൂർത്തിയാക്കി നീക്കംചെയ്യാൻ വനംവകുപ്പ് തയ്യാറാകാതെവന്നതോടെ സർക്കാർ ഖജനാവിൽ എത്തേണ്ടുന്ന ലക്ഷങ്ങളാണ് പാഴാകുന്നത്. കടമ്പ്, പാങ്ങൾ, പൂമരം, തേമ്പാവ് തുടങ്ങി ഒട്ടേറെ മരങ്ങളാണ് മുറിച്ചിട്ടിരിക്കുന്നത്. കൂടാതെ കാറ്റിലും മഴയത്തും തനിയെ വീണ മരങ്ങളും ഏറെയുണ്ട്.

സർക്കാർ അനുമതി വാങ്ങി ഇവയെല്ലാം സമീപ ഡിപ്പോകളിൽ എത്തിച്ചെങ്കിൽ തൊഴിലാളികൾക്ക്‌ തൊഴിലും സർക്കാരിന്‌ വരുമാനവുമാകും. എന്നാൽ അതിനു തയ്യാറാകാതെയാണ് ഇപ്പോൾ വീണ്ടും മരംമുറി ആരംഭിച്ചിരിക്കുന്നത്.