ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കൊട്ടിയം : കുടിവെള്ളം വിൽപ്പനയുടെ മറവിൽ ചാരായം മൊത്തക്കച്ചവടം നടത്തിവന്നയാളെ 20 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടി.

മയ്യനാട് കൂട്ടിക്കട അമ്മാച്ചൻമുക്ക് റസിയ മൻസിലിൽ റാസി(35)യുടെ വീട്ടിൽനിന്നാണ് ചാത്തന്നൂർ റേഞ്ച് എക്സൈസ് സംഘം ഇവ പിടിച്ചെടുത്തത്. വാറ്റിയെടുത്ത ചാരായം 20 ലിറ്ററിന്റെ കാനുകളിൽ നിറച്ച് കുടിവെള്ളത്തിനൊപ്പം കൊണ്ടുനടന്നായിരുന്നു വിൽപ്പന.

കൊല്ലം, പള്ളിമുക്ക്, കൊട്ടിയം, കണ്ണനല്ലൂർ, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. 20 ലിറ്റർ ചാരായം നിറച്ച ഒരു കാൻ 30,000 രൂപയ്ക്കാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് വിറ്റിരുന്നത്. അവർ ഇത് ചെറിയ കുപ്പികളിലാക്കി ലിറ്ററിന് 2,000 മുതൽ 3,000 വരെ രൂപയ്ക്കാണ് വിൽക്കുന്നത്.

അടുത്തദിവസത്തെ വിതരണത്തിനുള്ള ചാരായം വീട്ടിൽ വാറ്റുമ്പോഴാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രണ്ടുനിലയുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇയാൾ താമസിച്ചിരുന്നത്.

ഭാര്യയെയും മക്കളെയും അവരുടെ വീട്ടിലേക്ക് മാറ്റിയശേഷമായിരുന്നു ചാരായം വാറ്റ്‌. ലോക്ഡൗൺ ആയതോടെ കഞ്ചാവും മയക്കുമരുന്നും വരാതായതോടെയാണ് വാറ്റിലേക്ക് തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ നിഷാദ് എസ്., വിനോദ് ആർ.ജെ., പ്രശാന്ത്, പി.മാത്യുസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ., രാഹുൽ ആർ.രാജ്, ജ്യോതി ടി.ആർ., വിഷ്ണു ഒ.എസ്., ഡ്രൈവർ ബിനോജ് എന്നിവർ പങ്കെടുത്തു.