ഓച്ചിറ : അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ നാഗസ്വരത്തിൽ വായിച്ച് ഓച്ചിറ സി.പി.ഉണ്ണിക്കൃഷ്ണനും അകമ്പടിയായി ചെണ്ടയിൽ പക്കമൊരുക്കി സി.ആർ.മഹേഷ് എം.എൽ.എ.യും. ഇരുവരും ചേർന്ന് അയ്യപ്പനായി നടത്തിയ സംഗീതാർച്ചന മകരവിളക്ക് ദിവസമായ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. ഹരിവരാസനത്തിന്റെ റെക്കോഡിങ്‌ വ്യാഴാഴ്ച പൂർത്തിയായി.

നാഗസ്വരവിദ്വാനായ മധുര ഗോവിന്ദരാജിന്റെ ചെറുമകനാണ് ഓച്ചിറ പായിക്കുഴി വാലിൽവീട്ടിൽ സി.പി.ഉണ്ണിക്കൃഷ്ണൻ. സി.ആർ.മഹേഷ് എം.എൽ.എ. കഴിഞ്ഞമാസം തായമ്പകയിൽ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടത്തിയ അരങ്ങേറ്റത്തിന്റെ വീഡിയോ കണ്ടതോടാണ് എം.എൽ.എ.ക്കൊപ്പം ഹരിവരാസനം വായിക്കണമെന്ന ആഗ്രഹം ഉണ്ടായതെന്ന് സി.പി.പറഞ്ഞു.

തുടർന്ന് മഹേഷുമായി ബന്ധപ്പെട്ട് ആഗ്രഹം അറിയിച്ചു. അയ്യപ്പഭക്തനായ എം.എൽ.എ. ഒപ്പം ചെണ്ട വായിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷമാണ് റെക്കോഡിങ്‌ നടത്തിയത്.

മധുര ഗോവിന്ദരാജ് 75 വർഷം മുമ്പാണ് ഓച്ചിറയിൽ എത്തിയത്. സി.പി.ഉണ്ണിക്കൃഷ്ണൻ ജനിച്ചതും വളർന്നുമെല്ലാം ഓച്ചിറയിലാണ്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൽ ഉണ്ണിക്കൃഷ്ണൻ ‘കണ്ണാനെ കണ്ണേ, കണ്ണാനക്കണ്ണേ, എൻമിത് സായവാ...’ എന്ന ഗാനം നാഗസ്വരത്തിൽ ആലപിച്ച് ഏറെ പ്രശസ്തിനേടിയിരുന്നു.

സി.ആർ.മഹഷ് എം.എൽ.എ. തായമ്പകയ്ക്കുശേഷം, ഗുരു കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ ശിക്ഷണത്തിൽ പഞ്ചാരിമേളവും പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്തവർഷം അരങ്ങേറ്റം നടത്തണമെന്നാണ് ആഗ്രഹമെന്ന് എം.എൽ.എ. പറഞ്ഞു.

അഭിരാമിയാണ് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ. മകൾ: ദിയ.