ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
പുനലൂർ : മരത്തിലിടിച്ച മിനി കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് എതിരേവന്ന ടിപ്പർ ലോറിയിലിടിച്ച് മിനിലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുനലൂരിനടുത്ത് മേലേപ്ലാച്ചേരിയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് മിനിലോറിയിൽനിന്ന് റോഡിൽ പരന്ന എണ്ണയിൽ ബൈക്ക് തെന്നിമറിഞ്ഞ് യാത്രക്കാരന് നിസ്സാരപരിക്കേറ്റു. ഇടമൺ വെള്ളിമല സ്വദേശിയായ രാധാകൃഷ്ണനാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തമിഴ്‌നാട്ടിൽനിന്ന് പുനലൂർ ഭാഗത്തേക്കുവന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം തകർന്നു.