കൊല്ലം : പത്തുമാസത്തിലേറെയായി പൂട്ടിക്കിടന്ന തിയേറ്ററുകൾ ബുധനാഴ്ച തുറന്നപ്പോൾ ആളും ആരവവുംകൊണ്ട് തിയേറ്ററുകൾ ‘ഹാഫ് ഫുള്ളായി.’ കോവിഡ് മാനദണ്ഡങ്ങൾ കാരണം ഹൗസ്‌ഫുൾ ആകാതിരുന്ന തിയേറ്ററുകളിൽ ആവേശമുണർത്തിയത് വിജയ് ആരാധകരായിരുന്നു. വിജയും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്റർ എന്ന ചിത്രത്തിന് വൻ വരവേൽപ്പാണ് ജില്ലയിലെ തിയേറ്ററുകൾ നൽകിയത്. ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമായതിനാൽ വരുംനാളുകളിലും ആളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.
ശക്തികുളങ്ങരയിലെ തിയേറ്ററിൽ പ്രദർശനമുണ്ടാകുമെന്ന പ്രതീക്ഷയിൽ രാവിലെമുതൽ ആരാധകർ എത്തിയിരുന്നെങ്കിലും അവിടെ പ്രദർശനം നടന്നില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
പ്രദർശനം കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായതിനാൽ സാമൂഹിക അകലം പാലിക്കാനായി ഒന്നിടവിട്ട സീറ്റുകൾ മടക്കിയശേഷം റിബൺ ഉപയോഗിച്ച് കെട്ടിവെച്ചാണ് ഷോ നടത്തിയത്. തിയേറ്ററുകൾ സാനിറ്റൈസ് ചെയ്തശേഷമാണ് പ്രദർശനം തുടങ്ങിയത്.മാസ്സാണ് മാസ്റ്റർ.......