കിഴക്കേ കല്ലട : ചിറ്റുമല ചിറയിൽ ജലനിരപ്പുയർന്നതോടെ പടപുഴ-കണ്ണമ്മൂല റോഡ് മുട്ടോളം വെള്ളത്തിൽ മുങ്ങി. രണ്ട് കിലോമീറ്റർ നീളമുള്ള റോഡിന്റെ വശങ്ങളിൽ 50-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. വെള്ളമുയർന്ന് റോഡ് മുങ്ങിപ്പോയതോടെ പുറത്തിറങ്ങാനാകാതെയും പകർച്ചവ്യാധിഭീഷണിയിലും വലയുകയാണിവർ. ജനങ്ങളുടെ നിരന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് എം.പി. ഫണ്ടും എം.എൽ.എ. ഫണ്ടും ചെലവാക്കി റോഡ് ഉയർത്തുന്ന ജോലികൾ ചെയ്തു.
അശാസ്ത്രീയമായ നിർമാണമാണ് റോഡ് ഓരോമഴയിലും മുങ്ങിപ്പോകുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2012-ൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവാക്കി സംരക്ഷണഭിത്തി കെട്ടി റോഡ് ഉയർത്തിയിരുന്നു. ഇതും ഫലംകണ്ടില്ല. മഴക്കാലമായതോടെ റോഡ് വീണ്ടും വെള്ളത്തിലായി. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. മഴ തുടങ്ങിയതോടെ ഉയർത്തിയ സംരക്ഷണഭിത്തിയടക്കം വെള്ളത്തിൽ മുങ്ങിപ്പോയി.
ഇപ്പോൾ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും റോഡ് വെള്ളത്തിൽ മുങ്ങാതിരിക്കാൻ ശാശ്വതമായ പരിഹാരമുണ്ടാകണമെന്നും റോഡ് സന്ദർശിച്ച ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെട്ടു.
ബി.ജെ.പി. കിഴക്കേ കല്ലട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവശങ്കരപ്പിള്ള, നേതാക്കളായ കെ.ആർ.സന്തോഷ്, ജയകുമാർ, ജയൻ, വിഷ്ണു, വിശാഖ്, മണിയമ്മ, ബിന്ദു തുടങ്ങിയവർ ജനങ്ങളുടെ ദുരിതങ്ങൾ കേട്ടു. റോഡ് മൂന്നടിയിലധികം സംരക്ഷണഭിത്തി കെട്ടി ഉയർത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.