കൊല്ലം : ഈ കണിക്കൊന്ന പൂക്കുമ്പോൾ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ.കരുണാകരന്റെ ഓർമകൾകൂടിയാണ് വിഷുക്കണിയാവുന്നത്. കൊല്ലം ജില്ലാ കോൺഗ്രസ് ഓഫീസ് മുറ്റത്തെ കണിക്കൊന്നയാണിങ്ങനെ കരുണാകരസ്മിതം പോലെ പൂത്തുലഞ്ഞു നിൽക്കുന്നത്.

പീതാംബരക്കുറുപ്പ് മത്സരിച്ച ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കെ.കരുണാകരൻ ഈ തൈ നട്ടതെന്ന് കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലർ സി.വി.അനിൽകുമാർ പറഞ്ഞു. കണിക്കൊന്നത്തൈ ഞാനാണ് കൊണ്ടുക്കൊടുത്തതും വെള്ളം ഒഴിച്ച് പരിപാലിച്ചതും. ഒരിക്കൽ കന്നുകാലി തിന്ന് നശിച്ചുപോയെന്നു കരുതിയതാണ്. എന്നാൽ ലീഡറെപോലെതന്നെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച അത് കൂടുതൽ ശക്തിയോടെ തളിർത്തു-അനിൽ ഓർക്കുന്നു.