ചാത്തന്നൂർ : പാരിപ്പള്ളി കിഴക്കനേല മാടൻകാവ് മഹാദേവ നവഗ്രഹക്ഷേത്രത്തിലെ വഞ്ചി വീണ്ടും മോഷ്ടിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ശ്രീകോവിലിനുമുന്നിൽ വച്ചിരുന്ന വഞ്ചി മോഷ്ടിച്ചത്.

മൂന്നുമാസംമുൻപും സമാനരീതിയിൽ ഇവിടെനിന്ന്‌ വഞ്ചി മോഷണംപോയിരുന്നു. വിഷുക്കണി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച് ഉച്ചയ്ക്ക് ഒരുമണിവരെ ക്ഷേത്രത്തിൽ ഭാരവാഹികളുംമറ്റും ഉണ്ടായിരുന്നു.

വൈകീട്ട് അഞ്ചോടെ ഭരണസമിതി സെക്രട്ടറി എത്തിയപ്പോഴാണ് വഞ്ചി മോഷണംപോയത്‌ അറിയുന്നത്.

ചുറ്റുമതിലിന്റെ മൂന്നുഗേറ്റും പൂട്ടിയിരിക്കുകയായിരുന്നു. മതിൽ ചാടിക്കടന്നാകാം മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

മൂവായിരത്തോളം രൂപ ഉണ്ടായിരുന്നതായി ക്ഷേത്രഭാരവാഹികളായ പാരിപ്പള്ളി വിനോദ്, രാജേന്ദ്രൻ പിള്ള എന്നിവർ പറഞ്ഞു.

പള്ളിക്കൽ, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.