ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി

പുനലൂർ : റെയിൽവേയുടെ പുനലൂർമുതൽ കൊല്ലംവരെയുള്ള 42 കിലോമീറ്റർ പാതയിലെ വൈദ്യുതീകരണ നടപടികൾ അടുത്തയാഴ്ച തുടങ്ങും.

ഇതിനു മുന്നോടിയായി റെയിൽവേയുടെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ശനിയാഴ്ച പാതയിൽ സംയുക്ത പരിശോധന നടത്തി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്.

കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണത്തിനായി 60 കോടിയോളം രൂപ അനുവദിച്ചിരുന്നു. അടുത്തിടെ കരാറും നൽകി.

നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രാഥമിക സർവേ നടത്തുന്നതിനുവേണ്ടിയാണ് ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധന നടത്തിയത്.

ഒരുവർഷമാണ് പ്രവൃത്തി പൂർത്തീകരിക്കാൻ അനുവദിച്ചിട്ടുള്ള കാലാവധി. കാലാവസ്ഥ അനുകൂലമായാൽ അടുത്ത കൊല്ലം മാർച്ചോടെ പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.

വൈദ്യുതീകരണത്തിനായി മരങ്ങൾ ധാരാളമായി മുറിച്ചുനീക്കേണ്ടതില്ലെന്നും കൊമ്പുകൾ മുറിക്കുക മാത്രമേ വേണ്ടിവരുകയുള്ളൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ എം സാൻഡ് തുടങ്ങിയ നിർമാണവസ്തുക്കളുടെ ലഭ്യതയനുസരിച്ചാകും നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നതും പൂർത്തിയാക്കുന്നതും-അധികൃതർ ചൂണ്ടിക്കാട്ടി.