കൊട്ടാരക്കര എക്സൈസ് റേഞ്ചിൽ മാത്രം 32 പേർ പിടിയിൽ

കൊട്ടാരക്കര : ലോക്ഡൗണിൽ എക്സൈസ് റേഞ്ച് പരിധിയിൽ വാറ്റുകാരുടെ എണ്ണം കൂടി. ഒരുമാസത്തിനുള്ളിൽ 32 പേരാണ് വാറ്റുകേസുകളിൽ പിടിയിലായത്. 1300 ലിറ്റർ കോടയും 68 ലിറ്റർ ചാരായവും പിടികൂടി. കഴിഞ്ഞദിവസം നെടുവത്തൂർ തലയിണവിള ഭാഗത്തുനിന്ന്‌ വാറ്റ് പിടികൂടി. അർധരാത്രിയിൽ നടത്തിയ തിരച്ചിലിൽ തലയിണവിള സ്വദേശികളായ അനൂപ്, ബാബു എന്നിവരാണ് പിടിയിലായത്.

നിർമാണം പൂർത്തിയാകാത്ത വീട്‌ കേന്ദ്രീകരിച്ചായിരുന്നു വാറ്റ്. 300 ലിറ്റർ കോട, 30 ലിറ്റർ ചാരായം, 40 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കൊട്ടാരക്കര എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ.റെജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ്, സുജിൻ, നിഖിൽ, ഗോപകുമാർ എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര റേഞ്ചിൽ വാറ്റുകേസുകൾ അപൂർവമായിരുന്നു. എന്നാൽ ലോക്ഡൗണിൽ മദ്യം കിട്ടാതായതോടെയാണ് വാറ്റുകാർ സജീവമായത്. പിടിയിലായവരിലേറെയും ഈ മേഖലയിൽ പുതുമുഖങ്ങളാണ്. കൂട്ടുകാർ ചേർന്ന്‌ വീടുകളിൽ വാറ്റുനടത്തിയ ചെറുപ്പക്കാരാണ്‌ കൂടുതലും. എക്സൈസിന്റെ രാത്രികാല പരിശോധനയിലാണ് കൂടുതൽ പേർ പിടിയിലായത്. പരമ്പരാഗത ശൈലിയെക്കാൾ സ്വീകര്യത കുക്കറിൽ വാറ്റുന്ന ന്യൂജെൻ സ്റ്റൈലിനാണെങ്കിലും കൊട്ടാരക്കരയിൽ പ്രിയം കലങ്ങളിൽ വാറ്റുന്ന പരമ്പരാഗത ശൈലിക്കുതന്നെ. വീടുകളിൽ നടക്കുന്ന വാറ്റ് കണ്ടെത്താൻ പ്രയാസമാണെന്നാണു പൊതു ധാരണയെങ്കിലും വിവരങ്ങൾ ലഭിക്കാൻ എളുപ്പമാണെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസ് പ്രതാപ് പറയുന്നു.

വീടുകളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വിവരം അറിയിക്കുന്നുണ്ട്. ഭർത്താവ് മദ്യപിച്ചെത്തുമ്പോൾ എവിടെനിന്നാണെന്നു ചോദിച്ചറിഞ്ഞ് വിവരം കൈമാറിയവരുമുണ്ട്. സ്വന്തം ആവശ്യത്തിനായി വാറ്റുന്നവർ അയലത്തെ സുഹൃത്തിനുകൂടി നൽകാൻ മനസ്സുകാട്ടുകയും അങ്ങനെ വിവരം പുറത്തറിഞ്ഞ് അകത്തായവരുമുണ്ട്. ഏതുരീതിയിലായാലും വാറ്റുകാരുടെ വിവരം പുറത്തറിയുമെന്നും ഇൻസ്പെക്ടർ പറയുന്നു.