കൊട്ടിയം :ദേശീയ ജലപാതയിലെ ബോട്ടുജെട്ടികൾ വീണ്ടും ലക്ഷങ്ങൾമുടക്കി സഞ്ചാരികൾക്കായി പുനർനിർമിച്ചു. പുത്തൻ തറയോടുകൾ പാകി, മാർബിളിലും ഗ്രാനൈറ്റിലും തീർത്ത ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. തകർന്നുപോയ കൈവരികളും മാറ്റി. ഇരുമ്പ് പൈപ്പിൽ തീർത്ത കൈവരികളും സ്ഥാപിച്ചു.

ജലപാതയ്ക്കായി തോടിെൻറ നവീകരണം ആരംഭിക്കുംമുൻപുതന്നെ കോടികൾ ചിലവഴിച്ച് ബോട്ടുജെട്ടികൾ നിർമിച്ചിരുന്നു. പരവൂർ കായലിനോടുചേർന്ന് ഇരവിപുരം-താന്നി റീച്ചിൽ പനമൂട് പി.എം.ആർ.ആശുപത്രിക്കുസമീപത്തും താന്നിയിലും മുക്കത്തുമാണ് ബോട്ടുജെട്ടികൾ നിർമിച്ചത്. ദേശീയ ജലപാതയിലൂടെ ഗതാഗതം അനിശ്ചിതമായി നീണ്ടതോടെ ബോട്ടുജെട്ടികളെല്ലാം ഉപയോഗമില്ലാത്തതുകാരണം നശിച്ചു.

പ്ലാറ്റ്ഫോം പലതും ഇടിഞ്ഞുപൊളിഞ്ഞു. കൈവരികൾ പലതും തുരുമ്പെടുത്ത് നശിച്ചു. കുറേയെറെ കായലിൽ വീണു. ചിലതൊക്കെ സമൂഹവിരുദ്ധർ ഇളക്കിയെടുത്ത് ആക്രിക്കടയിൽ കൊടുത്ത് കാശാക്കി.

ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും ആവശ്യക്കാർ കൊണ്ടുപോയി. സന്ധ്യമയങ്ങിയാൽ അനാശാസ്യക്കാരുടെ താവളമാകും ഇവിടം. ലഹരി മാഫിയകളും ഇവിടം കൈയടക്കി.

നാട്ടുകാരുടെ ഭാഗത്തുനിന്ന്‌ വ്യാപകമായ പരാതി ഉയർന്നതോടെയാണ് ബോട്ടുജെട്ടികൾ പുനർനിർമിക്കാൻ തീരുമാനമായത്.

നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് ജലപാതയിലൂടെ ബോട്ട് സവാരി നടത്തി മന്ത്രിമാർ ഉത്സവഛായയിൽ ഉദ്ഘാടനം ചെയ്തെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയിലൂടെ വലിയ ബാർജുകൾ അടക്കമുള്ളവ കടന്നുപോകണമെങ്കിൽ ഇനിയും ആഴം കൂട്ടേണ്ട അവസ്ഥയണെന്ന് ഈ മേഖലയിലെ വിദഗ്ധർതന്നെ പറയുന്നു.

ജലപാതയിലൂടെ ചരക്കുനീക്കം നടത്തുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

ബോട്ടുജെട്ടികളടക്കം സുസജ്ജമായതിനാൽ കൊല്ലത്തിനെയും പരവൂരിനെയും ബന്ധിപ്പിച്ചുള്ള ടൂറിസം ബോട്ട് യാത്രകളെങ്കിലും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലുപാലത്തിന്റേതടക്കം നിർമാണപ്രവർത്തനങ്ങൾ ഇതിനായി ഊർജിതപ്പെടുത്തണം.